ആരാധകര്‍ ഏറെ കാത്തിരുന്ന ഒന്നായിരുന്നു അവതാരകയും നടിയുമായ പേളി മാണിയും മിനിസ്‌ക്രീന്‍ നടന്‍ ശ്രീനിഷും തമ്മിലുള്ള വിവാഹം. മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വച്ച് പ്രണയത്തിലായ ഇരുവരുടെയും വിവാഹം ആരാധകരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയിരുന്നു. ചടങ്ങുകളുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു . 

ആഘോഷരാവുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് വധൂവരന്മാര്‍ക്കൊപ്പം ഒരേ വേഷമണിഞ്ഞ് നിന്ന ബ്രൈഡ്‌സ്‌മെയ്ഡുകളായിരുന്നു. നടിമാരും പേളിയുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളുമായ അഹാന കൃഷ്ണ, ഷോണ്‍ റോമി, ദീപ്തി സതി എന്നിവരും ബ്രൈഡ്‌സ്‌മെയ്ഡുകളായി വധുവിനൊപ്പം അണിനിരന്നിരുന്നു. 

അക്കൂട്ടത്തില്‍ അടുത്തതായി വിവാഹിതയാകാന്‍ പോകുന്നത് അഹാനയാണെന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. വിവാഹത്തിനിടെ നടന്ന രസകരമായ ഒരു ചടങ്ങാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

ചൊവ്വര പള്ളിയില്‍ വച്ച് വിവാഹിതരായ ശേഷം ശ്രീനിഷിന്റെ കയ്യും പിടിച്ച് പുറത്തേക്കിറങ്ങിയ പേളി ആചാരപ്രകാരം ബൊക്ക സുഹൃത്തുക്കള്‍ക്ക് പിടിക്കാനായി പുറകിലേക്ക് വലിച്ചെറിഞ്ഞു. പൂച്ചെണ്ട് കൈപറ്റുന്നയാളാണ് അടുത്ത വധുവെന്നാണ് ഈ പാശ്ചാത്യ ആചാര പ്രകാരമുള്ള ചടങ്ങിന്റെ സങ്കല്‍പം.  

അതുപോലെ പേളി എറിഞ്ഞ ബൊക്കെ നേരെ ചെന്ന് പെട്ടത് അഹാനയുടെ കൈകളിലും. ..ഇതിനെക്കുറിച്ച് അഹാന തന്റെ ഇന്‍സ്റ്റാഗ്രാമില്‍  കുറിച്ചതിങ്ങനെയാണ് 

"പേളി മാണി നമ്മുടെ സുന്ദരിയായ വധു, ഭര്‍ത്താവ് ശ്രീനിഷിന്റെ കൈകോര്‍ത്ത് പിടിച്ച് പള്ളിയില്‍ നിന്നും ഇറങ്ങുന്നു. ആചാരപ്രകാരം തന്റെ കയ്യിലിരുന്ന ബൊക്കെ പുറകിലേക്ക് വലിച്ചെറിയുന്നു...എന്നിട്ട് ഏത് ബ്രൈഡ്‌സ്‌മെയ്ഡിന്റെ കയ്യിലാണ് അത് വന്നു പെട്ടതെന്ന് ഊഹിക്കൂ... നിങ്ങള്‍ക്കെല്ലാര്‍ക്കും അറിയുന്ന പോലെ ഈ ബൊക്കെ പിടിക്കുന്ന വ്യക്തിയാണ് അടുത്ത വധു എന്നാണ് സങ്കല്‍പം. ഇത് നടക്കുമ്പോള്‍  ഞാന്‍ പുറകിലാണ് പോയി നിന്നത്. കാരണം അടുത്തൊന്നും വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ബൊക്കെ എനിക്ക് പിടിക്കാനും താത്പര്യമുണ്ടായിരുന്നില്ല. 

അതിലേറെ ഇതിനെക്കുറിച്ച് എക്‌സൈറ്റഡ് ആയ മറ്റ് ബ്രൈഡ്‌സ്‌മെയ്ഡുകള്‍ക്ക് അത് കിട്ടണമെന്നും ഉണ്ടായിരുന്നു. ഞാന്‍ ചീര്‍ ലീഡര്‍ ആവാന്‍ തയ്യാറായിരുന്നു. പേളി അവളുടെ കയ്യിലിരുന്ന ബൊക്കെ എറിഞ്ഞു.  ആരോ അതിലൊന്ന് തൊട്ടു. പക്ഷെ ബൊക്കെ അവളുടെ കയ്യില്‍ നിന്നും വഴുതിപ്പോയി. ആര്‍ക്കോ അത് കയ്യില്‍ കിട്ടിയതായിരുന്നു അത് അവളുടെ കയ്യില്‍ നിന്നും വഴുതിപ്പോയി.

എന്നിട്ടോ അതെന്റെ കൈകളില്‍ വന്നു വീണു. ശരിയാണ് ഞാന്‍ അത് താഴെ ഇട്ടില്ല. കാരണം ഏതൊരു ബ്രൈഡ്‌സ്‌മെയ്ഡും പൂക്കള്‍ ഇഷ്ടപെടുമല്ലോ ..ജീവിതപാഠം ചിലപ്പോള്‍ ചില കാര്യങ്ങള്‍ക്ക് പുറകേ നിങ്ങള്‍ പോയില്ലെങ്കില്‍ പോലും അവ നിങ്ങളെ തന്നെ തേടി വരും"... 

ahaana

Content Highlights : Pearly Maaney Srinish Wedding Ahaana Krishna Instagram Post