മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് പാർവതി. നടൻ ജയറാമുമൊത്തുള്ള വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞുവെങ്കിലും താരത്തിന് ഇന്നും ആരാധകർ ഏറെയാണ്. പാർവതിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ജയറാമും കുടുംബവും.
'ജന്മദിനാശംസകൾ അച്ചൂട്ടാ' എന്നാണ് പാർവതിയുടെ ചിത്രം പങ്കുവച്ച് ജയറാം കുറിച്ചത്. അമ്മയ്ക്ക് ആശംസകളുമായി മകനും നടനുമായ കാളിദാസും മകൾ മാളവികയും രംഗത്തെത്തിയിട്ടുണ്ട്.
ബാലചന്ദ്രമേനോന്റെ സംവിധാനത്തിൽ 1986 ൽ പുറത്തിറങ്ങിയ 'വിവാഹിതരേ ഇതിലേ' എന്ന ചിത്രത്തിലൂടെയാണ് അശ്വതി കുറുപ്പ് എന്ന പാർവതി സിനിമയിലെത്തുന്നത്. പതിനാറാമത്തെ വയസ്സിലായിരുന്നു അരങ്ങേറ്റം. മികച്ച നർത്തകി കൂടിയായ താരം പിന്നീട് അമൃതം ഗമയ, തൂവാനത്തുമ്പികൾ, വൈശാലി, തനിയാവർത്തനം, ഒരു മിന്നാമിനുങ്ങിൻറെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. 88ൽ പുറത്തിറങ്ങിയ പത്മരാജൻ ചിത്രം അപരനിൽ അഭിനയിക്കുന്നതിനിടെയാണ് ചിത്രത്തിലെ നായകനായ ജയറാമുമായി താരം പ്രണയത്തിലാകുന്നത്. ഇരുവരും നായികാനായകന്മാരായി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി.
92-ൽ ജയറാമുമായുള്ള വിവാഹശേഷം പാർവതി അഭിനയത്തോട് വിട പറഞ്ഞു. രണ്ട് മക്കളാണ് ഇരുവർക്കും. മകൻ കാളിദാസ് ബാലതാരമായി സിനിമയിലെത്തി ഇപ്പോൾ നായകനായി മലയാളത്തിലും തമിഴിലും തിളങ്ങുന്നു. മകൾ മാളവിക മോഡലിങ്ങിലും സജീവമാണ്.
Content Highlights : Parvathy Jayaram Birthday wishes From Kalidas Malavika Jayaram