തുർക്കിയിൽ അവധിയാഘോഷത്തിലാണ് ബോളിവുഡ് താരം പരിനീതി ചോപ്ര. താരം തന്നെയാണ് അവധിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിന് പിന്നാലെ ആരാധകരുമായി സംവദിക്കാൻ ഒരു ചോദ്യോത്തര വേളയും താരം സംഘടിപ്പിച്ചിരുന്നു. എന്നാൽ രാജ്യത്ത് പലയിടത്തും ലോക്ഡൗണും യാത്രാവിലക്കുമെല്ലാം നില നിൽക്കുന്ന സാഹചര്യത്തിൽ പരിനീതി എങ്ങനെ തുർക്കിയിൽ എത്തി എന്നതായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്

ആരാധകരുടെ സംശയത്തിനും താരം മറുപടി നൽകിയിട്ടുണ്ട്. "ഇന്ത്യയിൽ നിന്നും മിക്കവർക്കും യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ ഞാൻ ഇത് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, മാർച്ച് മുതൽ ഞാൻ രാജ്യത്തിന് പുറത്താണ്. ഈ പ്രയാസകരമായ സമയത്തും സ്വതന്ത്രമായി യാത്ര ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഈ ഭാഗ്യത്തെ ഞാൻ നിസ്സാരമായി കാണുന്നുമില്ല” എന്നായിരുന്നു പരിനീതിയുടെ മറുപടി.

തനിക്ക് അസൂയ തോന്നുന്നുവെന്നാണ് പരിനീതി പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ നടിയും പരിനീതിയുടെ സഹോദരിയുമായ പ്രിയങ്ക ചോപ്ര കുറിച്ചത്.

പരിനീതി ചോപ്രയുടെ ഏറ്റവും പുതിയ ചിത്രം ‘ സന്ദീപ് ഔർ പിങ്കി ഫറാർ’ നെറ്റ്ഫ്ലിക്സിൽ മികച്ച പ്രതികരണം നേടുകയാണ്. അർജുൻ കപൂറാണ് ചിത്രത്തിലെ നായകൻ. ബാഡ്മിന്റൺ താരം സൈന നെഹ്വാളിന്റെ ജീവിതം പറയുന്ന ചിത്രമാണ് പരിനീതിയുടെ പുറത്തിറങ്ങിയ മറ്റൊരു ചിത്രം.

content highlights : parineeti chopra vacation pics from turkey goes viral