ബോളിവുഡിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവർന്ന താരമാണ് നടി പരിണീതി ചോപ്ര. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദ ​ഗേൾ ഓൺ ദ ട്രെയ്നിന്റെ നെറ്റ്ഫ്ലിക്സിൽ റിലീസായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നെറ്റ്ഫ്ലിക്സിന് നൽകിയ അഭിമുഖത്തിൽ താരം തന്റെ വ്യക്തിജീവിതത്തിലെ ചില രസകരമായ കാര്യങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.

തന്റെ ആദ്യത്തെ ക്രഷ് നടൻ സെയ്ഫ് അലി ഖാൻ ആയിരുന്നുവെന്ന് പറയുന്നു പരിണീതി. താനിത് വരെ യഥാർഥത്തിൽ ഡേറ്റിങ്ങ് ചെയ്തിട്ടില്ലെന്ന് പറയുന്ന പരിനീതി തന്റെ ആദ്യ ചുംബനം പതിനെട്ടാം വയസിലായിരുന്നുവെന്നും സമ്മതിക്കുന്നു.

സത്യത്തിൽ ഞാൻ ഡേറ്റ് ചെയ്തിട്ടില്ല. അതായത് ഈ ക്ലീഷേ ഡേറ്റുകൾ. വീട്ടിലേക്ക് വരൂ, നമുക്ക് അടിച്ച് പൊളിക്കാം, ടി വി കാണാം, ഭക്ഷണം പുറത്ത് നിന്ന് ഓർഡർ ചെയ്യാം.... ഇതായിരുന്നു എന്റെ ആശയത്തിലെ ഡേറ്റിങ്. പരിണീതി വ്യക്തമാക്കുന്നു.

അഭിനയലോകത്തെത്തും മുമ്പ് ഒരിക്കലും ഓർക്കാനിഷ്ടമില്ലാത്ത കാലത്തെ കുറിച്ച് അടുത്തിടെ പരിണീതി തുറന്ന് പറഞ്ഞത് വാർത്തയായിരുന്നു. തന്റെ കോളേജ് കാലത്തെക്കുറിച്ചാണ് താരം ഇങ്ങനെ പറഞ്ഞത്. അതിനൊരു കാരണവുമുണ്ട്.

അമിതവണ്ണം കൊണ്ട് കഷ്ടപ്പെട്ട കാലം എന്നതുകൊണ്ടാണ് പരിണീതിക്ക് കോളേജ് കാലത്തോട് അത്ര മതിപ്പില്ലാത്തത്. വണ്ണം കൂടുതലാണെന്നതും ആരോ​ഗ്യവതിയായിരുന്നില്ലെന്നും പരിണീതി പറയുന്നു. അന്നത്തെ ചിത്രങ്ങൾ പലതും ഇപ്പോഴും ഭീതിപ്പെടുത്തുന്നതാണെന്നും പരിണീതി വ്യക്തമാക്കിയിരുന്നു

വണ്ണം കൂടുതലുണ്ടായിരുന്ന ആ കാലം ജീവിതത്തിൽ നിന്ന് മായ്ച്ചു കളയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് താൻ ആ​ഗ്രഹിക്കാറുണ്ട്. ഇന്ന് താൻ ആരോ​ഗ്യത്തിനും ജീവിതത്തിനും കൂടുതൽ കരുതൽ നൽകുന്നുണ്ട്. വണ്ണമുണ്ടായിരുന്ന കാലത്ത് പലപ്പോഴും താൻ വൈകാരികമായി ഏറെ തളർന്നിരുന്നുവെന്നും പരിണീതി പറഞ്ഞിരുന്നു.

ബിടൗണിലേക്ക് വരും മുമ്പ് എൺപത്തിയാറു കിലോയോളമായിരുന്നു പരിണീതിയുടെ ഭാരം. കർശനമായ ഡയറ്റും വർക്കൗട്ടും പിന്തുടർന്നതുമൂലമാണ് ഇരുപത്തിയെട്ടു കിലോയോളം കുറച്ച് താൻ ആരോ​ഗ്യമാർന്ന ശരീരം വീണ്ടെടുത്തതെന്ന് പരിണീതി പറഞ്ഞിട്ടുണ്ട്.

Content Highlights : Parineeti Chopra about her first kiss, Crush saif ali khan personal life