ബിഗ് ബോസില്‍ നിന്ന് പുറത്തുവന്ന ശേഷം തമിഴ് സിനിമാ ലോകം ഇപ്പോള്‍ ഓവിയക്ക് പിറകെയാണ്. സിനിമയിലെത്തിയിട്ട് പത്ത് വര്‍ഷമായെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം ഇതുവരെ ഓവിയയെ തേടിയെത്തിയിട്ടില്ല. സിനിമയില്‍ സജീവമല്ലാതെ ഇരിക്കുമ്പോഴാണ് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയാകാനുള്ള അവസരം തേടിയെത്തിയത്. 

ഷോ പോലെ തന്നെ ഓവിയയും വൻ ഹിറ്റാവാൻ ഏറെ കാത്തിരിക്കേണ്ടിവന്നില്ല. ഒടുവിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഷോയില്‍ നിന്ന് സ്വയം പുറത്തുപോവുകയും ചെയ്തു. ഇപ്പോൾ വൻ താരമായി മാറിയ ഓവിയയെ തേടി നിരവധി സംവിധായകരാണ് രംഗത്തുവരുന്നത്. തന്റെ പുതിയ ചിത്രത്തില്‍ ഓവിയയെ നായികയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംവിധായകന്‍ സിഎസ് അമുദന്‍. എന്നാല്‍ താന്‍ എത്ര വിളിച്ചിട്ടും ഓവിയയെ ഫോണില്‍ കിട്ടുന്നില്ലെന്നാണ് സംവിധായകന്റെ പരാതി. തുടര്‍ന്ന് സംവിധായകന്‍ ആരാധകരോട് സഹായം അഭ്യര്‍ഥിച്ചു.

ആരാധകരെ, നിങ്ങളുടെ തലൈവിയോട് ആ ഫോണൊന്ന് സ്വിച്ച് ഓണ്‍ ചെയ്യാന്‍ പറയൂ- അമുദന്‍ ട്വിറ്ററില്‍ കുറിച്ചു.

ഷോയില്‍ അത്ഭുതാവഹമായ ജനപ്രീതിയാണ് ഓവിയക്ക് ഉണ്ടായിരുന്നത്. ഓവിയയെ പിന്തുണച്ചുകൊണ്ടുള്ള ഹാഷ് ടാഗുകളുടെ പ്രളയമായിരുന്നു സമൂഹ മാധ്യമങ്ങളില്‍. ഓവിയ ഷോയില്‍ നിന്ന് സ്വയം പുറത്തുപോയത് ആരാധകരെ ഞെട്ടിച്ചു. ഏറെ നാടകീയമായിരുന്നു ഷോയില്‍ ഓവിയയുടെ അവസാന ദിനങ്ങള്‍. സെറ്റിലെ നീന്തല്‍ക്കുളത്തില്‍ ഓവിയ എടുത്തു ചാടി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാണ് ഷോ വിട്ടത്. 

കടുത്ത മാനസിക സമ്മര്‍ദമുണ്ടെന്നും ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ ആരവിനോട് തനിക്ക് കടുത്ത പ്രണയം ആണെന്നും അത് നിയന്ത്രിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഷോ വിട്ടതെന്നും ഓവിയ വ്യക്തമാക്കിയിരുന്നു.

നീന്തല്‍ക്കുളത്തിലേക്ക് എടുത്തുചാടിയ ഓവിയക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ പരാതി നല്‍കി. തുടര്‍ന്ന് നസ്രത്ത്പേട്ട് പോലീസ് ഓവിയക്ക് സമന്‍സ് അയക്കുകയും ചെയ്തു.