മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സഡക് 2 ന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സഞ്ജയ് ദത്ത്, ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, പൂജ ഭട്ട് തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിന്റെ ട്രെയ്ലർ ഡിസ്ലൈക്കിന്റെ പെരുമഴ കൊണ്ടാണ് ഇപ്പോൾ റെക്കോർഡിട്ടിരിക്കുന്നത്. ഈ അവസരത്തിൽ  സംവിധായകൻ ഒമർ ലുലു പങ്കുവച്ച ഒരു ട്രോളാണ് ചർച്ചയാകുന്നത്. ഒമറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ​ഗാനങ്ങൾക്ക് നേരേയും ഇതേപോലെ ഡിസ്ലൈക്ക് ക്യാമ്പയിൻ സജീവമായിരുന്നു.

ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബ് ട്രെൻഡങ്ങിൽ വന്നെങ്കിലും ഇതിന് ശക്തമായ ഡിസ്ലൈക്ക് ആക്രമണങ്ങളും തുടർന്നു. ചിത്രത്തിലെ നായിക പ്രിയ വാര്യർക്കും ഗാനത്തിനും നേരെ നടക്കുന്ന ട്രോളുകൾക്ക് മറുപടിയുമായി അന്ന് ഒമർ ലുലു രം​ഗത്ത് വരികയും ചെയ്തിരുന്നു. പ്രിയ വാര്യരോടുള്ള ദേഷ്യം ചിത്രത്തോട് തീർക്കരുതെന്നും പ്രിയ മാത്രമല്ല വേറെയും പുതുമുഖ താരങ്ങൾ ഉള്ള ചിത്രമാണിതെന്നും ഒരുപാടു പേരുടെ കഷ്ടപ്പാട് ഈ സിനിമയ്ക്ക് പുറകിൽ ഉണ്ടെന്നും ഒമർ അന്ന് വ്യക്തമാക്കിയിരുന്നു.

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവും സ്വജനപക്ഷപാതവും ചർച്ചയായിരിക്കുന്ന വേളയിലാണ് സഡക് 2 നെതിരേ, ഡിസ് ലൈക്ക് ക്യാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നത്. സഡക് 2 മാത്രമല്ല, ബോളിവുഡിലെ മുഴുവൻ സിനിമകളും ഉപേക്ഷിക്കണമെന്ന് കലി തുള്ളുകയാണ് ആരാധകർ.

Poli Sanam 😁

Posted by Omar Lulu on Wednesday, 12 August 2020

സുശാന്തിന്റെ മരണത്തിൽ റിയ ചക്രബർത്തി, മഹേഷ് ഭട്ട്, എന്നിവർക്ക് പങ്കുണ്ടെന്ന ആരോപണങ്ങളും ചർച്ചകളും നിലനിൽക്കുന്നതിനിടയിലാണ് ട്രെയ്ലറിനു ചുവടെ നെഗറ്റീവ് കമന്റുകളും ഡിസ്ലൈക്കുകളുമായി ആരാധകരും രംഗത്തു വന്നിരിക്കുന്നത്. സുശാന്ത് സിങ്ങിന് നീതി ലഭിക്കണമെന്നുള്ള ഹാഷ് ടാഗുകളും പ്രചരിക്കുന്നുണ്ട്.

1991ൽ സഞ്ജയ് ദത്ത്, പൂജ ഭട്ട് എന്നിവരെ നായികാനായകൻമാരാക്കി മഹേഷ് ഭട്ട് ഒരുക്കിയ റൊമാന്റിക് ത്രില്ലർ ചിത്രം സഡക്കിന്റെ രണ്ടാം ഭാഗമാണ് സഡക് 2. സഞ്ജയ്ക്കൊപ്പം മകൾ ആലിയും ചിത്രത്തിൽ പ്രധാന റോളിലെത്തുന്നുണ്ട്. ചിത്രം വലിയ വിജയമായിരുന്നു. 29 വർഷങ്ങൾക്കു ശേഷം പുറത്തിറങ്ങുന്ന രണ്ടാംഭാഗം ഒടിടി വഴി റിലീസ് ചെയ്യാനാണ് തീരുമാനം.

Content Highlights : Omar Lulu Alia Bhatt troll Sadak 2 Oru Adaar Love Dislike campaign