സോഷ്യൽ മീഡിയയിൽ വൈറലായി ദുൽഖർ സൽമാനെക്കുറിച്ച് നെറ്റ്ഫ്ലിക്സ് ഇന്ത്യ പങ്കുവച്ച ട്വീറ്റ്. മാൻ ക്രഷ് മൺഡെ #MCM എന്ന ഹാഷ് ടാഗിൽ ‘ദുൽഖർ പുലിയാടാ’ എന്നൊരു ട്വീറ്റാണ് നെറ്റ്ഫ്ലിക്സ് പങ്കുവച്ചത്. എന്നാൽ കാര്യം എന്തെന്നറിയാത്ത അമ്പരപ്പിലായി ആരാധകർ.

ദുൽ‌‍‍ഖറിന്റെ ഏതെങ്കിലും ചിത്രം നെറ്റ്ഫ്ലിക്സ് വഴി റിലീസ് ചെയ്യുന്നതിന് മുന്നോടിയായിട്ടാണോ ഈ ട്വീറ്റ് എന്നാണ് ആരാധകർ ചോദിക്കുന്നത്. ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം കുറുപ്പ് ഓടിടി റിലീസിന് തയ്യാറെടുക്കുകയാണെന്ന് വാർത്തകൾ വന്നിരുന്നു. 

ദുൽഖർ സൽമാൻ പുലിയാണെന്നത് ഓകെ. എന്നാൽ കുറുപ്പ് തീയേറ്ററിൽ എത്തുന്നതിന് മുമ്പ് സ്ട്രീമിംഗ് ആരംഭിക്കരുത്”, ”കുറുപ്പിനെ കുറിച്ചുള്ള അപ്‌ഡേഷൻ ആണോ ഇത്?” എന്നിങ്ങനെയാണ് ചില കമന്റുകൾ. ”മലയാളം ഒക്കെ അറിയുമോ” എന്ന ഒരു കമന്റിന് ”പിന്നെ, മലയാളം അറിയാം” എന്ന മറുപടിയും നെറ്റ്ഫ്‌ളിക്‌സ് നൽകിയിട്ടുണ്ട്. 

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന കുറുപ്പ് ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്‌സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.റെക്കോഡ് തുകയ്ക്കാണ് ചിത്രം ഒടിടിയിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ

Content Highlights : Netflix India Tweet about Dulquer salmaan Kurup Movie OTT Release News