ജിത്ത് നായകനായി എത്തിയ 'നേര്‍കൊണ്ട പാര്‍വൈ' തിയ്യറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഓരോ ഫൈറ്റ് കഴിയുമ്പോഴും സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളോട് ക്ഷമ ചോദിക്കുന്ന അജിത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ വയ്ക്കാന്‍ താത്പര്യപ്പെടാത്ത താരങ്ങളില്‍ ഒരാളാണ് അജിത്ത്. 

അമിതാബ് ബച്ചനും താപ്‌സിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കാണ് നേര്‍കൊണ്ട പാര്‍വൈ. ബച്ചന്‍ അവതരിപ്പിച്ച വക്കീല്‍ വേഷത്തിലാണ് തമിഴില്‍ അജിത്ത് എത്തുന്നത്. വിദ്യാ ബാലനാണ് അജിത്തിന്റെ ഭാര്യയുടെ വേഷത്തില്‍.

ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീ സ്റ്റുഡിയോസും ബോണി കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാള നടന്‍മാരായ ദിനേശ് പി നായരും സുജിത്ത് ശങ്കറും  വേഷമിടുന്നുണ്ട്. നീരവ് ഷാ ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം, യുവാന്‍ ശങ്കര്‍ രാജ.

Content Highlights : Nerkonda Paarvai Movie Action Scenes Making Video Ajith Says Sorry To Stunt Artists