നടി നയന്‍താരയും കാമുകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. കയ്യില്‍ മോതിരം ധരിച്ച നയന്‍നാരയുടെ ചിത്രം വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വിരലോട് ഉയിര്‍ കൂട കോര്‍ത്ത്,’ എന്ന അടിക്കുറിപ്പോടെയാണ് വിഘ്നേശ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ഇതിന് പിന്നാലെയാണ് വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 

2011 ല്‍ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയന്‍താര തിരിച്ചു വന്നത് വിഘ്നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്നേശിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിഘ്നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.

ഇതിന് മുമ്പും ഇരുവരുടെയും വിവാഹ വാർത്തയെ ചൊല്ലി പല ​ഗോസിപ്പുകളും പ്രചരിച്ചിരുന്നുവെങ്കിലും നയൻസോ, വിഘ്നേശോ ഈ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല.  അടുത്തിടെയാണ് ആദ്യമായി വിവാഹ വാർത്തയോട് വിഘ്നേശ് ശിവൻ പ്രതികരിച്ചത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് വിഘ്നേശ് മനസ് തുറന്നത്.

'വിവാഹ വാർത്തകൾ ഒരുപാട് തവണയായി പ്രചരിക്കുന്നു. അത് സ്വാഭാവികമാണ്. ഞങ്ങൾ ഇരുവർക്കും പ്രൊഫഷണലായ പല ലക്ഷ്യങ്ങളും നിറവേറ്റേണ്ടതായുണ്ട്. അതിന് മുമ്പ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. മാത്രമല്ല ഇപ്പോൾ എങ്ങനെയാണോ കാര്യങ്ങൾ മുന്നോട്ട് പോകുന്നത് അതിൽ ഞങ്ങൾ സന്തുഷ്ടരാണ്'... വിഘ്നേശ് പറയുന്നു. തങ്ങളൊന്നിച്ചുള്ള പ്രണയകാലം മടുത്താലുടനെ വിവാഹിതരാകുമെന്നും ഹാസ്യരൂപേണ വിഘ്നേശ് പ്രതികരിച്ചു.

Content Highlights : Nayanthara Vignesh Sivan Engagement rumours Picture goes viral