തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയ താരജോഡികളാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും. ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള വാർത്തകളും അഭ്യൂഹങ്ങളും പല തവണ മാധ്യമങ്ങളിലൂടെ പ്രചരിച്ചതുമാണ്. താരജോഡികളുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇക്കാര്യം ശരിവച്ചുകൊണ്ടുള്ള നയൻതാരയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. 

ദിവ്യദർശിനി അവതാരകയായെത്തുന്ന ഷോയിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. മോതിരവിരലിനെക്കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് ' ഇത് എൻഗേജ്മെന്റ് റിങ്' എന്ന് നയൻതാര മറുപടി നൽകുന്നുണ്ട്. ഷോയുടെ പ്രമോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.  ‌‌‌‌‌‌‌വിഘ്നേഷിൽ എന്താണ് ഏറ്റവുമധികം ഇഷ്ടമെന്ന ചോദ്യത്തിന് എല്ലാം ഇഷ്ടമാണെന്ന് നയൻതാര പറയുന്നു. ഇഷ്ടപ്പെടാത്ത കാര്യങ്ങളും തുറന്ന് പറയാമെന്നും താരം പറയുന്നുണ്ട്. 

ഏതാനും മാസങ്ങൾക്ക് മുമ്പ് കയ്യിൽ മോതിരം ധരിച്ച നയൻതാരയുടെ ചിത്രം വിഘ്‌നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വിരലോട് ഉയിർ കൂട കോർത്ത്,’ എന്ന അടിക്കുറിപ്പോടെയാണ് വിഘ്‌നേഷ് ചിത്രം പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്. 

2011 ൽ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയൻതാര തിരിച്ചു വന്നത് 2015 ൽ വിഘ്നേഷ് ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്നേഷിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിഘ്നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.

ഇതിന് മുമ്പും ഇരുവരുടെയും വിവാഹ വാർത്തയെ ചൊല്ലി പല ​ഗോസിപ്പുകളും പ്രചരിച്ചിരുന്നുവെങ്കിലും നയൻസോ, വിഘ്നേഷോ ഈ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല.  അടുത്തിടെയാണ് ആദ്യമായി വിവാഹ വാർത്തയോട് വിഘ്നേശ് ശിവൻ പ്രതികരിച്ചത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് വിഘ്നേഷ് മനസ് തുറന്നത്.

'വിവാഹ വാർത്തകൾ ഒരുപാട് തവണയായി പ്രചരിക്കുന്നു. അത് സ്വാഭാവികമാണ്. ഞങ്ങൾ ഇരുവർക്കും പ്രൊഫഷണലായ പല ലക്ഷ്യങ്ങളും നിറവേറ്റേണ്ടതായുണ്ട്. അതിന് മുമ്പ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. മാത്രമല്ല ഇപ്പോൾ എങ്ങനെയാണോ കാര്യങ്ങൾ മുന്നോട്ട് പോകുന്നത് അതിൽ ഞങ്ങൾ സന്തുഷ്ടരാണ്'... വിഘ്നേശ് പറയുന്നു. തങ്ങളൊന്നിച്ചുള്ള പ്രണയകാലം മടുത്താലുടനെ വിവാഹിതരാകുമെന്നും ഹാസ്യരൂപേണ വിഘ്നേശ് പ്രതികരിച്ചു.

content highlights : nayanthara confirms her engagement, vignesh shivan Nayanthara Star Couples