തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജന്മദിനം ആഘോഷമാക്കി കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവൻ. ജന്മദിനാഘോഷ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും വിഘ്നേശ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നയൻ എന്ന് ഇം​ഗ്ലീഷ് അക്ഷരങ്ങളിലൊരുക്കിയ കേക്കും ആകാശത്ത് വർണക്കാഴ്ച്ചകളൊരുക്കിയ വെടിക്കെട്ടും വിഘ്നേശ് ആഘോഷങ്ങളുടെ ഭാ​ഗമായി ഒരുക്കിയിരുന്നു. 

വിഘ്നേശിനെ നെഞ്ചോട് ചേർത്ത് പിടിച്ച് സ്നേഹം പങ്കിട്ടശേഷമായിരുന്നു നയൻതാര കേക്ക് മുറിച്ചത്. ആ​രാധകർ ഏറെ കാത്തിരിക്കുന്ന താരവിവാഹമാണ് വിഘ്നേശിന്റെയും നയൻതാരയുടെയും.  ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയൻതാര നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിവാഹം ഈ വർഷം തന്നെ നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതിനിടെ രസകരമായ ഒരു വാർത്തയും പുറത്ത് വന്നിരുന്നു.

ജ്യോതിഷപ്രകാരമുള്ള ദോഷങ്ങൾ പരിഹരിക്കാൻ നയൻതാര വിവാഹത്തിന് മുൻപെ മരത്തെ വരണ്യമാല്യം അണിയിക്കുമെന്നാണ് അഭ്യൂഹങ്ങൾ. നയൻതാരയ്ക്ക് ജാതകദോഷമുണ്ടെന്നും ജ്യോതിഷിയുടെ നിർദേശപ്രകാരണമാണ് ഇത് ചെയ്യുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

നയൻതാരയും വിഘ്‌നേഷ് ശിവനും അടുത്തിടെ നിരവധി ക്ഷേത്രങ്ങൾ ആണ് സന്ദർശിച്ചത്. ഷിർദി സായി ക്ഷേത്രം, മുംബൈയിലെ സിദ്ധി വിനായക് ക്ഷേത്രം, ആന്ധ്രയിലെ തിരുപ്പതി തിരുമലൈ ക്ഷേത്രം എന്നിവിടങ്ങളിൽ ഇരുവരും സന്ദർശനത്തിനെത്തിയത് വാർത്തകളിൽ ഇടംനേടിയിരുന്നു.

2011 ൽ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയൻതാര തിരിച്ചു വന്നത് 2015 ൽ വിഘ്നേഷ് ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്നേഷിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിഘ്നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.

content highlights : Nayanthara Birthday Celebration Vignesh shivan Hosts grand party, nayanthara Vignesh Wedding