പിറന്നാള്‍ ദിനത്തില്‍ മകന്‍ സായ് സര്‍പ്രൈസ് നല്‍കിയതിന്റെ വീഡിയോ നടി നവ്യാ നായര്‍ പങ്കുവച്ച് അധികമായില്ല. ഇപ്പോഴിതാ ജനന തിയ്യതിയും ആഘോഷമാക്കിയതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. അച്ഛനമ്മമാര്‍ക്കും സഹോദരനും മകനുമൊപ്പം ജന്മദിനം ആഘോഷിക്കുന്നതിന്‍റെ വീഡിയോ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. 

ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ജന്മദിനാഘോഷങ്ങളില്‍ ഒന്ന്. എന്‍റെ നക്ഷത്രം അനുസരിച്ചുള്ള പിറന്നാളാഘോഷവും, ജനനതിയ്യതി വച്ചുള്ള പിറന്നാളാഘോഷവും പോലെ ഇനിയും ഏറെ സര്‍പ്രൈസുകള്‍ നിറഞ്ഞ ഒരു വര്‍ഷം നല്‍കണമേയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. എന്ന ക്യാപ്ഷനോടെയാണ് സഹോദരന്‍ കണ്ണന്‍ സര്‍പ്രൈസായി ഒരുക്കിയ കേക്ക് മുറിക്കുന്നതിന്‍റെ വീഡിയോ താരം പങ്കുവച്ചത്. 

കേക്ക് നല്‍കുക മാത്രമല്ല ദുബായിയില്‍ നിന്ന് അപ്രതീക്ഷിതമായി നാട്ടില്‍ എത്തിച്ചേര്‍ന്ന് തനിക്ക് മറ്റൊരു സര്‍പ്രൈസും കണ്ണന്‍ നല്‍കിയെന്നും നവ്യ പറയുന്നു. 

നേരത്തെ നവ്യയുടെ ജന്മനക്ഷത്രത്തിന്‍റെ അന്ന് മകന്‍ സായി ഒരുക്കിയ സര്‍പ്രൈസ് പാര്‍ട്ടിയുടെ വീഡിയോ താരം പങ്കുവച്ചിരുന്നു. പരീക്ഷയുടെ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി വീട്ടില്‍ ചെറിയൊരു കേക്ക് കട്ടിംഗ് പാര്‍ട്ടി ഒരുക്കാന്‍ ഉത്സാഹത്തോടെ ശ്രമം നടത്തിയാണ് സായ് അമ്മയെ സന്തോഷിപ്പിച്ചത്.

"ആശ്ചര്യം തോന്നിയെന്നു മാത്രമല്ല, കണ്ണു നിറഞ്ഞുപോയി.. അച്ഛനും അമ്മയും സായ്‌യും സന്ധ്യയും കീര്‍ത്തനയും തന്ന സര്‍പ്രൈസ് കണ്ട്... രാത്രി എട്ടു മണി വരെ തികച്ചും സാധാരണമായൊരു ദിവസമായിരുന്നു. വര്‍ഷങ്ങളായി എന്റെ ജന്മദിനമായ ഒക്ടോബര്‍ 14നാണ് ആഘോഷിക്കാറുള്ളത്. ഇതിപ്പോള്‍ സായ്‌യുടെ ഉത്സാഹം കൊണ്ട് ഇന്നൊരു ആഘോഷദിവസമായി മാറി. അച്ഛനും അമ്മയും വരുമെന്നതുപോലും ഞാനറിഞ്ഞില്ല.. സായ്ക്ക് കണക്കു പരീക്ഷയായതിനാല്‍ ഞാന്‍ അവനെ പഠിപ്പിക്കുന്ന തിരക്കുകളിലായിരുന്നു. സന്ധ്യ മുകളില്‍ ഡെക്കറേഷന്‍ പണികളിലായിരുന്നു. പഠിക്കാന്‍ കൂട്ടാക്കാതെ ഇടയ്ക്കിടെ അവന്‍ മുകളിലേയ്ക്ക് പൊയ്‌ക്കൊണ്ടിരുന്നതു കണ്ട് എനിക്കു ദേഷ്യം വന്നിരുന്നു. ഈശ്വരനോടും നന്ദിയുണ്ട്.' ഇതിന്‍റെ വീഡിയേ പങ്കുവച്ചുകൊണ്ട് നവ്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Content Highlights : Navya Nair Birthday Party Surprise by brother and son