റിയാലിറ്റി ഷോയിലെ വിജയി ആയി വന്നു ഒരുപിടി മനോഹര ഗാനങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ ഗായകനാണ് നജീം അര്‍ഷാദ്. ഉഗ്രനൊരു പ്രണയകഥയാണ് തന്റെ മാതപിതാക്കളുടേതെന്ന് പറയുകയാണ് നജീം. ഒരു ചാനല്‍ പരിപാടിക്കിടെയാണ് നജീം തന്റെ മാതാപിതാക്കളുടെ പ്രണയവിവാഹത്തെ കുറിച്ച് മനസ് തുറന്നത്. 

ഷോയിലെത്തിയ നജീമിനോട് വിധികര്‍ത്താവായ സംഗീത സംവിധായകന്‍ ശരത് ആദ്യം സലാം പറഞ്ഞു. പിന്നാലെ ഓം നമഃശിവായ എന്നും പറഞ്ഞു. എന്നാല്‍ ഇതു കണ്ട മറ്റുള്ളവര്‍ക്കൊന്നും കാര്യം പിടികിട്ടിയില്ല. ഈ പറഞ്ഞതിനൊരു കാരണമുണ്ടെന്നു പറഞ്ഞ ശരത്ത് തന്റെ ഉമ്മ ഹിന്ദുവാണെന്ന് നജീം പറയുമെന്നും കൂട്ടിച്ചേര്‍ത്തു. ഉടനെ പുഞ്ചിരിയോടെ എത്തി നജീമിന്റെ മറുപടി.

'അവരുടെത് ഇന്റര്‍കാസ്റ്റ് മാരേജായിരുന്നു. ഉമ്മച്ചി പിന്നീട് കണ്‍വേര്‍ട്ടഡായി.'

നജീമിന്റെ മറുപടിക്ക് ശരതിന് പറയാനുണ്ടായിരുന്നത് ഇതാണ്. "ഉഗ്രന്‍ ഒരു പ്രണയത്തില്‍ ജനിച്ച പുത്രനാണിത്. അവരുടെ ആ സ്‌നേഹത്തില്‍ ജനിച്ച പുത്രനാണ് മുത്ത്‌പോലെ പാടുന്ന നജീം. അവര്‍ ഒരുമിച്ചതിനാല്‍ ആണല്ലോ നജീമിനെ നുക്ക് കിട്ടിയത്. പിന്നെ ഈ ജാതിയിലും മതത്തിലുമൊന്നും വലിയ കാര്യമില്ല അതെല്ലാം കളഞ്ഞ് മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിക്കുക" .ശരത് പറഞ്ഞു.

മിഷന്‍ 90 ഡേയ്‌സ് എന്ന മമ്മൂട്ടി ചിത്രത്തിലെ 'മിഴിനീര്‍ പൊഴിയുമ്പോഴും' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ടാണ് നജീം പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്...പിന്നീട് ചെമ്പട, ഇത് നമ്മുടെ കഥ, കാസനോവ, ഡയമണ്ട് നെക്ലേസ്, ട്രിവാന്‍ഡ്രം ലോഡ്ജ്, അയാളും ഞാനും തമ്മില്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ഒരു ഇന്ത്യന്‍ പ്രണയകഥ, ദൃശ്യം, വിക്രമാദിത്യന്‍, ഒരു യമണ്ടന്‍ പ്രണയകഥ തുടങ്ങി നൂറോളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ ഗാനങ്ങള്‍ നജീം പാടിയിട്ടുണ്ട്. 

Content Highlights : Singer Najim arshad about His Family