തെന്നിന്ത്യൻ താരദമ്പതിമാരായ സാമന്തയും നാ​ഗചൈതന്യയും വിവാഹമോചിതരാകാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ ചൂടുപിടിക്കുന്നതിനിടെ ചർച്ചയായി സാമന്തയുടെ ട്വീറ്റ്. 

നാ​ഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമായ ലവ് സ്റ്റോറിയുടെ ട്രെയ്ലർ പങ്കുവച്ചായിരുന്നു സാമന്തയുടെ ട്വീറ്റ്. സാധാരണ നാ​ഗചൈതന്യയുടെ ചിത്രങ്ങളുടെ പോസ്റ്ററുകളോ ട്രെയ്ലറുകളോ പുറത്തിറങ്ങുമ്പോൾ അഭിനന്ദങ്ങൾ നേർന്നുള്ള കുറിപ്പുകൾ പങ്കുവയ്ക്കാറുള്ള സാമന്ത പക്ഷേ ഇത്തവണ ചിത്രത്തിലെ നായികയായ സായ് പല്ലവിയെ മാത്രം ടാ​ഗ് ചെയ്ത് ട്വീറ്റ് ചെയ്തതാണ് ആരാധകർക്കിടയിൽ ചർച്ചയായി മാറിയത്. ‌

ഇരുവരും തമ്മിലുള്ള വിവാഹമോചന വാർത്ത ശരിയാണെന്ന് ഒരു വിഭാ​ഗം വാദിക്കുമ്പോൾ സാമന്ത പങ്കുവച്ചത് നാ​ഗചൈതന്യയുടെ ട്വീറ്റ് ആയതിനാലാണ് താരം അദ്ദേഹത്തെ ടാ​ഗ് ചെയ്യാതിരുന്നതെന്ന് മറു വിഭാ​ഗം ചൂണ്ടിക്കാണിക്കുന്നു. സാമന്തയുടെ ട്വീറ്റിന് നാ​ഗചൈതന്യ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. 

ഇരുവരും വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. സോഷ്യൽ മീഡിയയിൽ നിന്ന് നാഗചൈതന്യയുടെ കുടുംബ പേരായ അകിനേനി സാമന്ത നീക്കം ചെയ്തതോടെയാണ് ഗോസിപ്പുകൾ ശക്തമായത്. ഇത് സംബന്ധിച്ച ചോദ്യങ്ങൾക്കൊപ്പം സാമന്ത ഈയിടെ നൽകിയ അഭിമുഖങ്ങളിലൊന്നും പ്രതികരിച്ചതുമില്ല.

സാമന്തയും നാഗചൈതന്യയും വേർപിരിയലിന്റെ വക്കിലാണെന്നും കുടുംബ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും തെലുങ്ക് മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന മുൻകൈ എടുക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹമോചനത്തിന് മുന്നോടിയായുള്ള കൗൺസിലിങ് നടപടികൾ തുടരുകയാണ്. അതിനിടെ നാഗാർജുന ഇരുവരും തമ്മിലുള്ള തെറ്റിദ്ധാരണകൾ പരിഹരിക്കാൻ സജീവമായ ഇടപെടലുകൾ നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.

content highlights : Naga Chaitanya thanks Samantha amid divorce rumours