ലോകം മുഴുവന്‍ ആരാധകരുള്ള സ്പാനിഷ് വെബ് സീരിസാണ് ക്രൈം ഗണത്തില്‍പ്പെട്ട മണി ഹീസ്റ്റ്. 4 ഭാഗങ്ങളായി ഇറങ്ങിയ നെറ്റ്ഫ്‌ലിക്‌സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് അലക്‌സ് റോഡ്രിഗോയാണ്. ലോക്ക് ഡൗൺ കാലത്താണ് മണി ഹീസ്റ്റ് വലിയ ചർച്ചാ വിഷയമായി മാറിയത്. ഏപ്രില്‍ 3-നാണ് സീരിസിന്റെ നാലാം സീസണ്‍ റിലീസ് ചെയ്തത്. അടുത്ത സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോള്‍.

സ്പാനിഷ് ഭാഷയിലാണ് സീരിസ് നിര്‍മിച്ചിരിക്കുന്നതെങ്കിലും എല്ലാ രാജ്യങ്ങളിലുള്ളവരും ഇപ്പോള്‍ ഷോ കാണുന്നുണ്ട്. ഇന്ത്യയിലും വലിയ വിഭാഗം പ്രേക്ഷകരാണ് സീരിസിനുള്ളത്. 

വീഡിയോ ഓൺ ഡിമാൻഡ് സേവനദാതാക്കളായ നെറ്റ് ഫ്ലിക്സാണ് മണി ഹീസ്റ്റ് എറ്റെടുത്തിരിക്കുന്നത്. എന്നാൽ നെറ്റ്ഫ്ലിക്സിൽ നിന്നും മണി ഹീസ്റ്റ് നിക്കം ചെയ്തുവെന്ന് വ്യാപകമായി പ്രചരിക്കുകയാണ് സാമൂഹിക മാധ്യമങ്ങളിലിപ്പോൾ. കഴിഞ്ഞ ദിവസമാണ് ഈ പ്രചരണം ശക്തമായത്. ലോകമൊട്ടാകെയുള്ള ആരാധകർ ട്വിറ്ററിൽ രോഷം പ്രകടവുമായി രം​ഗത്ത് വന്നു. അഞ്ചാം സീസണിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഈ അവസരത്തിൽ തങ്ങളെ നിരാശരാക്കരുതെന്നും ചിലർ അഭ്യാർഥിക്കുന്നു. ഒരു വിഭാ​ഗം ട്രോളുകളുമായാണ് രം​ഗത്ത് വന്നിരിക്കുന്നത്. സീരീസിലെ ഏറ്റവും 'വെറുക്കപ്പെട്ട' കഥാപാത്രമായ അർട്ട്യൂറോ റോമനാണ് ഇതിന് പിന്നിലെന്ന് ആരോപിക്കുന്നു. 

എന്നാൽ നെറ്റ്ഫ്ലിക്സിൽ നിന്ന് മണി ഹീസ്റ്റ് നീക്കം ചെയ്തിട്ടില്ലെന്നും ഇത് വ്യാജപ്രചരണമാണെന്നുമാണ് റിപ്പോർട്ടുകൾ. 

'ലാ കാസ ഡി പാപ്പല്‍' എന്ന പേരില്‍ 2017 മെയ് മുതല്‍ നവംബര്‍ വരെയായി ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിലാണ് ആദ്യം മണി ഹീസ്റ്റ് പുറത്തിറങ്ങിയത്.  15 എപ്പിസോഡുകളായി സ്പാനിഷ് ഭാഷയില്‍ പുറത്തിറങ്ങിയ സീരിസ് സ്പെയ്നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്‌ളിക്സ് സീരിസ് ഏറ്റെടുത്ത്‌ 15 എപ്പിസോഡുകളെ റീ എഡിറ്റ് ചെയ്ത് 22 എപ്പിസോഡുകളാക്കി മാറ്റി. ശേഷം രണ്ടു സീസണുകളിലായി 13, 9 എന്ന ക്രമത്തില്‍ എപ്പിസോഡുകള്‍ പുറത്തുവിട്ടു. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.

2020 ഏപ്രിലിൽ നാലാം സീസണിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹീസ്റ്റ് എത്തി. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍. 

Content Highlights: Money Heist Trends On Twitter And Fans Think Netflix removed