ലോകം മുഴുവന്‍ ആരാധകരുള്ള സ്പാനിഷ് വെബ് സീരിസാണ് ക്രൈം ഗണത്തില്‍പ്പെട്ട മണി ഹീസ്റ്റ്. 4 ഭാഗങ്ങളായി ഇറങ്ങിയ നെറ്റ്ഫ്‌ലിക്‌സ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് അലക്‌സ് റോഡ്രിഗോയാണ്. ഒരു സ്വകാര്യ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ്  സീരിസിന്റെ വിജയത്തെക്കുറിച്ചും താമസിച്ച് ലഭിച്ച സ്വീകാര്യതയെക്കുറിച്ചും അലക്‌സ് സംസാരിച്ചത്.

അപ്രതീക്ഷിതമായി കിട്ടിയ പ്രതികരണത്തില്‍ ഒത്തിരി സന്തോഷമുണ്ടെന്നും ലോക്ക്ഡൗണായതിനാല്‍ കൂടുതല്‍ പ്രേക്ഷകര്‍ ഇത് കാണാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 3-നാണ് സീരിസിന്റെ നാലാം സീസണ്‍ റിലീസ് ചെയ്തത്. അടുത്ത സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോള്‍.

സ്പാനിഷ് ഭാഷയിലാണ് സീരിസ് നിര്‍മിച്ചിരിക്കുന്നതെങ്കിലും എല്ലാ രാജ്യങ്ങളിലുള്ളവരും ഇപ്പോള്‍ ഷോ കാണുന്നുണ്ട്. ഇന്ത്യയിലും വലിയ വിഭാഗം പ്രേക്ഷകരാണ് സീരിസിനുള്ളത്. ഈ സീരിസ് ഇന്ത്യയില്‍ ചെയ്യുകയാണെങ്കില്‍ അതിന്റെ ഭാഗമാകാന്‍ താത്പര്യമുണ്ടെന്ന് നിരവധി സിനിമാ താരങ്ങള്‍ ഇതിനോടകം തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതിനെല്ലാം മറുപടി പറയുകയാണ് സംവിധായകന്‍ അലക്‌സ്. 

സെര്‍ജിയോ മാര്‍ഖ്വിന അഥവാ പ്രൊഫസറുടെ കഥാപാത്രം ചെയ്യാന്‍ ഇളയദളപതി വിജയിനെയാണ് അലക്‌സ് തിരഞ്ഞെടുത്തത്. ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാനയും ഈ കഥാപാത്രത്തിന് ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം മറ്റൊരു കേന്ദ്ര കഥാപാത്രമായ ബെര്‍ലിന്റെ വേഷത്തില്‍ ബോളിവുഡ് നടന്‍ ഷാരൂഖിനെയാണ് അലക്‌സ് തിരഞ്ഞെടുത്തത്.

ഇവരെക്കൂടാതെ മറ്റു ചില കഥാപാത്രങ്ങള്‍ക്കും ഇന്ത്യന്‍ നടന്മാരുടെ പേരുകള്‍ അദ്ദേഹം പറയുന്നുണ്ട്. തമിഴ് നടന്‍ അജിത്തിന് ബൊഗോട്ടയുടെ വേഷം ചേരുമെന്ന് അദ്ദേഹം പറഞ്ഞു. ഡെന്‍വറുടെ കഥാപാത്രമായി രണ്‍വീര്‍ സിങ്, ടമായോയായി മഹേഷ് ബാബു, സ്വാരസായി സൂര്യ എന്നിങ്ങനെയാണ് അലക്‌സിന്റെ ഇന്ത്യന്‍ കാസ്റ്റിങ്. 

ഇതിനോട് യോജിച്ചും എതിര്‍ത്തും നിരവധിപേരാണ് ട്വിറ്ററില്‍ പോസ്റ്റു ചെയ്യുന്നത്. ഇതെല്ലാം തന്റെ ചിന്തയില്‍ തോന്നിയതാണെന്നും ആളുകള്‍ എതിര്‍പ്പുണ്ടാകാമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. ആരാധകരുടെ എല്ലാ നിര്‍ദേശങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നാലു സീസണുകള്‍ പൂര്‍ത്തിയായ മണി ഹീസ്റ്റ് ഇതിനോടകം ലക്ഷങ്ങളാണ് കണ്ടത്. 2017-ല്‍ ആദ്യത്തെ സീസണ്‍ വന്നപ്പോള്‍ അധികം പ്രേക്ഷകശ്രദ്ധ പിടിക്കാതിരുന്ന ഷോ, രണ്ടാം സീസണിന് ശേഷമാണ് ആഗോളതലത്തില്‍ ഹിറ്റായത്.

Content Highlights: Money Heist director Alex Rodrigo picks indian actors if there would be an indian remake