മോഹന്‍ലാലും ഓഷോയും സന്ധിക്കുന്ന ഒരു ബിന്ദുവുണ്ട്. പരമായ പ്രേമവും പുറംകാഴ്ചയില്‍ രാജകവാദത്തിന്റെ ഛായ പടര്‍ന്ന പ്രണയസങ്കല്‍പവുമാണ് ലാലിനെ ഓഷോയുമായി വിളക്കിച്ചേര്‍ക്കുന്നത്. സ്വാഭാവികമായും ഓഷോ എന്ന പ്രേമപ്പൊരുളില്‍ ഒഴുകിച്ചേരേണ്ട നദിയായിരുന്നു ലാല്‍ എന്ന അഭിനയപ്രതിഭ. ലാല്‍ ഓഷോയുടെ വലിയ ആരാധകനായതും സ്വാഭാവികമായൊരു പ്രക്രിയ തന്നെ. പ്രിയപ്പെട്ട ഓാഷോ കഥകളും ബ്ലോഗും ലേഖനങ്ങളുമായി ലാല്‍ തന്റെ കാഴ്ചപ്പാട് വെളിപ്പെടുത്തിക്കൊണ്ടേയിരുന്നു. പ്രേമസാഗരം എന്നാണ് ഓഷോ രജനീഷിനെ ലാല്‍ വിശേഷിപ്പിക്കാറുള്ളത്.
''ഓഷോയെ എനിക്കിഷ്ടമാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പലതും വായിച്ചിട്ടുണ്ട്. പുണെ ആശ്രമത്തില്‍ പോയിട്ടുണ്ട്. അദ്ദേഹം പറയുന്നത് മധുരമായും മനോഹരമായും തോന്നിയിട്ടുണ്ട്. ജീവിതത്തെ ഏറ്റവും പോസറ്റീവായി സമീപിക്കുക, ഉപാധികളില്ലാത്ത സ്‌നേഹം പുലര്‍ത്തുക. മനുഷ്യരെ കാണുമ്പോള്‍ ചിരിക്കുക, തമാശ പറയുക, ഇങ്ങനെ ജീവിതത്തെ സമീപിക്കുന്ന ദര്‍ശനത്തോടാണ് എനിക്കിഷ്ടം''- ഒരു പുസ്തകത്തിന്റെ ആമുഖത്തില്‍ ഒരിക്കല്‍ ലാല്‍ എഴുതി. ഇപ്പോഴിതാ തനി ഓഷോയായി വേഷപ്പകര്‍ച്ചോടെ എത്തിയിരിക്കുകയാണ് പകര്‍ന്നാട്ടങ്ങളുടെ തമ്പുരാനായ ലാല്‍. ഇന്‍ ഡിസ്‌ഗൈസ് ഓഫ് ദി ലിമിറ്റ്‌ലെസ് മാന്‍-ദി ഓഷ്യന്‍ ഓഫ് ലവ് എന്ന കുറിപ്പോടെയാണ് ഓഷോയുടെ വേഷത്തിലുള്ള തന്റെ ചിത്രം മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത്.