ശ്രീകുമാർ മേനോന്റെ ഒടിയനുവേണ്ടി തടി കുറച്ച മോഹൻലാലിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒടിയനിലെ മുപ്പത് വയസ്സുകാരന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തുന്നത് ഗ്രാഫിക്‌സിന്റെ അകമ്പടിയോടെയാകില്ലെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞതോടെ ആരാധകരുടെ ആവേശവും ആകാംക്ഷയും ഇരട്ടിയായിരിക്കുകയാണ്.
ഈ വേഷപ്പകര്‍ച്ചയ്ക്കായി മോഹന്‍ലാലിന്റെ ശരീര ഭാരം കുറയ്ക്കാന്‍ ഫ്രാന്‍സില്‍ നിന്ന് ഇരുപത്തിയഞ്ച് പേരടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചിരുന്നു. നാല്‍പത്തിയഞ്ച് ദിവസം ഈ മേക്കോവറിനായി വേണ്ടിവരുമെന്നും ഡിസംബര്‍ അഞ്ചിന് ആരാധകര്‍ കാത്തിരുന്ന പഴയ മോഹന്‍ലാല്‍ തിരിച്ചെത്തുമെന്നുമാണ് സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ ഒടിയന്‍ മാണിക്യനായി താന്‍ തേങ്കുറിശ്ശിയിലെത്തുമെന്ന് മോഹൻലാൽ പറയുന്ന വീഡിയോ സന്ദേശം അടങ്ങുന്ന ടീസർ മാത്രമാണ വന്നത്. ഡിസംബർ പതിമൂന്നിന് കാലത്ത് പത്തു മണിക്കാണ് പുതിയ ലുക്കിൽ ലാൽ എത്തുന്നത്.
എന്നാലിപ്പോള്‍ ലാലേട്ടന്റെ പുത്തന്‍ രൂപമാണെന്ന പേരില്‍ ഒരു ചിത്രം ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരുമുണ്ട് ഈ ചിത്രത്തിൽ. പക്ഷെ ആ കാണുന്നത് യഥാര്‍ഥത്തില്‍ മോഹന്‍ലാല്‍ തന്നെയാണോ എന്ന അങ്കലാപ്പ് വിട്ടൊഴിഞ്ഞിട്ടില്ല ആരാധകരെ.
രൂപമാറ്റം സംഭവിച്ചിട്ടുണ്ടാകാമെങ്കിലും തങ്ങളുടെ ലാലേട്ടന്‍ ഇങ്ങനെയല്ല, ഇത് ലാലേട്ടന്റെ ഡ്യൂപ്പായ മദന്‍ലാലാണെന്നും ആളുകൾ പറയുന്നുണ്ട്. ആഴ്ച്ചകള്‍ക്ക് മുമ്പ് ഇതേപോലെ മറ്റൊരു ചിത്രം പ്രചരിച്ചിരുന്നു.
എന്നാല്‍, ഈ ഊഹാപോഹങ്ങള്‍ക്കിടയില്‍ മാണിക്യനെ കാണാന്‍ ഇനി ഒരു പകലും ഒരു രാവും കാത്തിരിക്കൂ എന്ന ലാലേട്ടന്റെ ശബ്ദശന്ദേശവും പുറത്തിറങ്ങിയത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.