രാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ദൃശ്യം രണ്ടിന്റെ റിലീസിനായി. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടൻ മോഹൻലാൽ ട്വിറ്ററിൽ ആരാധകർക്ക് താനുമായി സംവദിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. നിരവധി പേരാണ് പ്രിയ താരത്തോട് ചോദ്യങ്ങൾ ചോദിക്കാൻ‌ 'മോഹൻലാലിനോട് ചോദിക്കാം' എന്ന പരിപാടിയിൽ പങ്കെടുത്തത്.

എല്ലാവർക്കും താരം മറുപടിയും നൽകിയിരുന്നു, ദൃശ്യത്തിന് മൂന്നാം ഭാ​ഗം കാണുമോ എന്നായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. ആദ്യം ദൃശ്യം രണ്ട് കാണൂ എന്നിട്ടാകാം എന്ന് കുസൃതി നിറഞ്ഞ മറുപടിയാണ് ഇതിന് മോഹൻലാൽ നൽകിയത്. ശോഭനയുമായി ഭാവിയിൽ ഒരു ചിത്രം ചെയ്യാൻ സാധ്യതയുണ്ടോ എന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. ഞാനും കാത്തിരിക്കുകയാണ് അങ്ങനെ സംഭവിക്കട്ടെ എന്ന് താരം മറുപടി നൽകി. 

ജീവിതത്തിൽ മുന്നോട്ട് നയിക്കുന്ന ഊർജമെന്തെന്ന ചോദ്യത്തിന് സിനിമയെന്നായിരുന്നു ഉത്തരം. പ്രിയപ്പെട്ട കാർട്ടൂൺ ബോബനും മോളിയുമാണെന്നാണ് താരം പറഞ്ഞത്. ഓടിടി റിലീസിന് ശേഷം ദൃശ്യം തീയേറ്ററിൽ പ്രദർശിപ്പിക്കുമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു മറുപടി. അടുത്തതായി താൻ ചെയ്യുന്ന ചിത്രം ബറോസ് ആണെന്നും താനിപ്പോൾ കൊച്ചിയിലാണുള്ളതെന്നും ആരാധകർക്കുള്ള മറുപടിയായി താരം പറഞ്ഞു. പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് ചോദിച്ചപ്പോൾ സമർഥൻ എന്നായിരുന്നു മറുപടി. ജ​ഗതി ശ്രീകുമാറിനെ കുറിച്ച് ചോദിച്ചപ്പോൾ ദ കംപ്ലീറ്റ് ആക്ടർ എന്നും മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ കിടു എന്നുമായിരുന്നു താരത്തിന്റെ മറുപടി..  തന്റെ ജന്മദിനമാണ് ഒരു ആശംസ പറയുമോ എന്ന് ചോദിച്ച ആരാധകന് ഉമ്മ നൽകിയും താരം ഞെട്ടിച്ചു. 

മോഹൻലാൽ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ദൃശ്യം 2 ഫെബ്രുവരി 19 ന് ആമസോൺ പ്രൈമിലൂടെ റിലീസിനെത്തുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീന, അൻസിബ, എസ്തർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Content Highlights : Mohanlal Interaction with Fans Ask mohanlal drishyam 2 jeethu joseph