പൃഥ്വിരാജിന് കിടിലൻ സമ്മാനം നൽകി മോഹൻലാൽ. പൃഥ്വിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിൽ താനുപയോ​ഗിച്ച കണ്ണടയാണ് മോഹൻലാൽ പ്രിയ സഹോദരന് സമ്മാനമായി നൽകിയിരിക്കുന്നത്. 

ലൂസിഫറിലെ മോഹൻലാലിന്റെ സ്റ്റൈൽ ​ഗെറ്റപ്പുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ച് അവസാന ഭാ​ഗത്ത് ഖുറേഷി അബ്രാം എന്ന കഥാപാത്രമായി മോഹൻലാൽ പ്രത്യക്ഷപ്പെടുമ്പോഴുളള ​ഗെറ്റപ്പ്. ഖുറേഷിയുടെ കണ്ണടയും അന്നേ ശ്രദ്ധ നേടിയിരുന്നു. 

'ഖുറേഷി അബ്രാം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍' എന്ന കുറിപ്പോടെയാണ് പൃഥ്വി ചേട്ടന്റെ സമ്മാനം ആരാധകരെ കാണിച്ചത്. പൃഥ്വിയുടെ പോസ്റ്റ് വൈറലായതിന് പിന്നാലെ കണ്ണടയുടെ വിലയെക്കുറിച്ചുള്ള ചർച്ചകളും ചൂടുപിടിക്കുന്നുണ്ട്. ഏതാണ്ട് ഒന്നരലക്ഷത്തിനടുത്താണ് കണ്ണടയുടെ വിലയെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ മോഹൻലാലിനെ നായകനാക്കി രണ്ടാമത്തെ ചിത്രവുമായി പൃഥ്വി വീണ്ടും എത്തുകയാണ്. ബ്രോ ഡാഡി എന്ന് പേരിട്ട ചിത്രം കഴിഞ്ഞ ദിവസമാണ് പാക്കപ്പ് ആയത്. പൃഥ്വിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവരെക്കൂടാതെ മീന, കല്യാണി പ്രിയദർശൻ, കനിഹ എന്നിവരും  ചിത്രത്തിൽ വേഷമിടുന്നുണ്ട്. 

അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ പൃഥ്വിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.


content highlights : Mohanlal gifts sunglass to prithviraj, Lucifer movie, Khureshi Ab’Raam