പ്രഭാത വ്യായാമത്തിനിടെ ന​ഗരത്തിലൂടെ സൈക്കിളിൽ പാ‍ഞ്ഞ് നടൻ മോഹൻലാൽ. താരത്തിന്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് മോഹൻലാലിന്റെ സൈക്കിളിങ്ങ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'അനന്തന്‍റെ മോന്‍ ഇപ്പോഴും നാടുവാഴി തന്നെ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വെള്ള ടീഷര്‍ട്ടും ഷോര്‍ട്സുമണിഞ്ഞ് തന്റെ ബിഎംഡബ്ല്യു സൈക്കിളില്‍ നീങ്ങുന്ന താരത്തിന്റെ വീഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. 

ഫിറ്റ്നസിൽ ഏറെ ശ്രദ്ധിക്കുന്ന മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോയും ചിത്രങ്ങളുമെല്ലാം നേരത്തേയും വൈറലായിട്ടുണ്ട്. അടുത്തിടെ കാഫ് മസിലുകൾക്ക് വേണ്ടി വ്യായാമം ചെയ്യുന്ന മോഹൻലാലിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. 

ഇതിനിടെ പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന സ്പോർട്സ് ഡ്രാമയെക്കുറിച്ചുള്ള ചർച്ചകളും സജീവമാകുകയാണ്. ബോക്‌സിംഗ് പരിശീലനം നടത്തുന്ന തന്റെ ചിത്രം താരവും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sameer Hamsa (@sameer_hamsa)

അതേസമയം മോഹൻലാൽ ആരാധകർ ഏറെ കാത്തിരിക്കുന്നു ബ്രഹ്മാണ്ഡചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഡിസംബർ 2ന് തീയേറ്ററുകളിലൂടെ പ്രദർശനത്തിനെത്തുകയാണ്. നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്. ഉപാധികളൊന്നുമില്ലാതെയായിരിക്കും ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുകയെന്നാണ് വിവരം.

മന്ത്രി സജി ചെറിയാൻ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മരക്കാർ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയത്. മന്ത്രി തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. 

Content Highlights : Mohanlal Cycling Video Viral Mohanlal Fitness Workout Video, Marakkar Movie Release