മോഹന്‍ലാലിനും ആമിര്‍ ഖാനും ബാഹുബലിക്കുംശേഷം ഇപ്പോള്‍ മമ്മൂട്ടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ബോളിവുഡിന്റെ സ്വയം പ്രഖ്യാപിത വിമര്‍ശകന്‍ കമാല്‍ ആര്‍.ഖാന്‍. മൂന്ന് ദേശീയ അവാർഡ് നേടിയ മലയാളത്തിന്റെ മെഗാസ്റ്റാറിനെ സി ക്ലാസ് നടന്‍ എന്നാണ് വിവാദങ്ങളിലൂടെ പ്രശസ്തി ഉണ്ടാക്കുന്ന കെ.ആര്‍.കെ. വിശേഷിപ്പിച്ചത്.

മോഹന്‍ലാലിനെ വിമര്‍ശിക്കാന്‍ മമ്മൂട്ടി എനിക്ക് പണം തന്നിട്ടുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇല്ല സര്‍. ആ സി ഗ്രേഡ് നടന്‍ ആരാണെന്ന് പോലും എനിക്കറിയില്ല-കെ.ആര്‍.കെ. ട്വിറ്ററില്‍ കുറിച്ചു.

ആയിരം കോടി മുതല്‍മുടക്കില്‍ മോഹന്‍ലാലിന്റെ മഹാഭാരതം ഒരുങ്ങുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ മോഹന്‍ലാല്‍ ഭീമനല്ല, ഛോട്ടഭീമാണെന്നായിരുന്നു കെ.ആര്‍.കെ.യുടെ പരിഹാസം. ഇതിനുശേഷം ലാല്‍ ആരാധകരുടെ പൊങ്കാലയായിരുന്നു കെ.ആര്‍.കെ.യ്ക്ക്. കെ.ആര്‍.കെ.യുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുമെന്ന് മലയാളി സൈബര്‍ പോരാളികള്‍ ഭീഷണി മുഴക്കുകയും ചെയ്തു. ഇതിനുശേഷം ക്ഷമാപണം നടത്തിയാണ് കെ.ആര്‍.കെ. തടിയൂരിയത്.

ആമിര്‍ ഖാനായിരുന്നു ഖാന്റെ അടുത്ത ഇര. ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ആമിര്‍ മരിക്കുന്നതാണ് നല്ലത് എന്നായിരുന്നു ട്വീറ്റ്. ഒരുകാലത്ത് ദേശദ്രോഹിയായിരുന്ന ആമിര്‍ ഇപ്പോള്‍ ബി.ജെ.പി.ക്കാര്‍ക്ക് ദേശസ്‌നേഹിയായോ എന്നും കെ.ആര്‍.കെ. ചോദിച്ചു.

ബാഹുബലി ഒരു ചവറുപടമാണെന്നും ഒരു കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ നിലവാരമേ അതിനുള്ളൂവെന്നുമായിരുന്നു ബാഹുബലിക്കെതിരായ വിമര്‍ശം. എസ്.എസ്. രാജമൗലി ഒരു മോശം സംവിധായകൻ മാത്രമല്ല, തട്ടിപ്പുകാരൻ കൂടിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കെ.ആർ.കെ. പറഞ്ഞു.