മര്‍ഡര്‍ എന്ന ഒറ്റ ചിത്രം കൊണ്ട് ബോളിവുഡിലെ ഗ്ലാമറസ് നായികയായി മാറിയ താരമാണ് മല്ലിക ഷെരാവത്. ശക്തമായ അഭിപ്രായങ്ങളുടെ പേരിലും വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള മല്ലികയുടെ ഏറ്റവും പുതിയ അഭിമുഖത്തിലെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതിനാല്‍ പല ചിത്രങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും തനിക്ക് പകരം നായകന്മാര്‍ അവരുടെ കാമുകിമാരെ നായികമാരാക്കിയിട്ടുണ്ടെന്നും പറയുകയാണ് മല്ലിക.

മര്‍ഡര്‍ പ്രദര്‍ശനത്തിന് എത്തിയിട്ട് 15 വര്‍ഷം പിന്നിടുന്ന വേളയില്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് മികച്ച വേഷങ്ങളോ കഥാപാത്രങ്ങളോ ലഭിക്കാത്തതിന്റെ കാരണം താരം വ്യക്തമാക്കിയത് നായകന്‍മാര്‍ അവരുടെ കാമുകിമാരെ തനിക്ക് പകരം നായികയാക്കാനാണ് പലപ്പോഴും ശ്രമിച്ചതെന്ന് മല്ലിക ഷെരാവത് പറയുന്നു. താന്‍ അഭിപ്രായം പറയുന്നതിനാലാണ് ഇതെന്ന് മല്ലിക പറയുന്നു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യം പറയുന്നത്.

"ഞാന്‍ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിനാല്‍ നിരവധി സിനിമകള്‍ എനിക്ക് നഷ്ടമായിട്ടുണ്ട്. ഒരുപാട് സംസാരിക്കുകയും അഭിപ്രായം പറയുന്നയാളുമാണ് അതുകൊണ്ട് എന്നെ കാസ്റ്റ് ചെയ്യരുതെന്ന് ചില നായകന്‍മാര്‍ പറയുന്നത് കേട്ടിട്ടുണ്ട്.  എനിക്ക് പകരം അവരുടെ കാമുകിമാരെ അവര്‍ നായികയാക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ എനിക്ക് ഏതാണ്ട് 20-30 സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ അത് എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. അതെന്റെ ക്രമേണയുള്ള വളര്‍ച്ചയായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ അവരെല്ലാം വെറും വിഡ്ഢികളായിട്ടാണ് എനിക്ക് തോന്നുന്നത്"- മല്ലിക പറയുന്നു.

2015 ല്‍ പുറത്തിറങ്ങിയ ഡേര്‍ട്ടി പൊളിട്ടിക്‌സ് ആണ് മല്ലികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.  ഏക്ത കപൂര്‍ സംവിധാനം ചെയ്യുന്ന കോമഡി ഹൊറര്‍ ചിത്രം ബൂ സബ്കി ഫട്ടേഗിയിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.

Content Highlights : Mallika Sherawat Reveals How She Was Replaced In Films