കുറച്ച് നാളുകളായി ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് നടന്‍ അര്‍ജുന്‍ കപൂറും നടി മലൈക അറോറയും. ഇരുവരും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും പല ചടങ്ങുകളിലും പാര്‍ട്ടികളിലും ഇരുവരും ഒരുമിച്ച് പാപ്പരാസികളുടെ കണ്ണില്‍ പെട്ടിട്ടുണ്ട്. ഈ വര്‍ഷം നടന്ന ലാക്‌മെ ഫാഷന്‍ ഷോയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തതോടെയാണ് താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. 

ഇപ്പോള്‍ മലൈക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് മലൈക- അര്‍ജുന്‍ പ്രണയത്തിന് സ്ഥിരീകരണമായി എന്ന പേരില്‍ പ്രചരിക്കുന്നത്. എ.എം എന്ന് ഇനീഷ്യലുകള്‍ ആലേഖനം ചെയ്ത മാല ധരിച്ചാണ് ഫോട്ടോയില്‍ മലൈക പ്രത്യക്ഷപ്പെടുന്നത്.

അര്‍ജുന്‍ കപൂറിന്റെ പേരിലെ ഇനിഷ്യലാണ് എ എന്ന് ആലേഖനം ചെയ്തിരിക്കുന്നത് എന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. എന്നാല്‍ ഇത് മലൈകയുടെ മകനായ അര്‍ഹാന്‍ ഖാന്റെ ഇനിഷ്യലാണെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. എന്താണ് യഥാര്‍ഥത്തില്‍ മാലയുടെ സത്യാവസ്ഥ എന്ന് താരം തന്നെ വെളിപ്പെടുത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. 

malaika
Photo : PinkVilla

ഈയിടെ കോഫീ വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ താന്‍ സിംഗിള്‍ അല്ലെന്ന് അര്‍ജുന്‍ കപൂര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ താരം വ്യക്തമാക്കാന്‍ തയ്യാറായില്ല. അത് കൂടാതെ മലൈകയുടെ സഹോദരിയും നടിയുമായ അമൃത അറോറയുടെ വീട് കഴിഞ്ഞ ദിവസം അര്‍ജുന്‍ കപൂര്‍ സന്ദര്‍ശിച്ചിരുന്നു.

ബോളിവുഡ് നടനും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍ ആണ് മലൈകയെ ആദ്യം വിവാഹം ചെയ്തത്. പത്തൊന്‍പത് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2017 ലാണ് ഇരുവരും വേര്‍പിരിയുന്നത്.

Content Highlights : malaika arora arjun kapoor relationship gossips wedding rumours malaika arjun arbaaz khan