ജോസഫ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മാധുരി ബ്രഗാന്‍സ. ജോജു പ്രധാന വേഷത്തില്‍ എത്തിയ ജോസഫില്‍ ലിസാമ്മ എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിച്ചത്. പട്ടാഭിരാമന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന മാധുരി കഴിഞ്ഞ ദിവസം തായ്‌ലൻഡിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കടല്‍ത്തീരത്ത് ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന ചിത്രവും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നന്നു. ഇതോടെ അശ്ലീല സന്ദേശങ്ങളും കമന്റുകളുമായി ചിലര്‍ രംഗത്തെത്തി. ഇതിനെതിരേ പ്രതികരിച്ചിരിക്കുകയാണ് മാധുരി. അശ്ലീല പരാമര്‍ശം നടത്തുന്നവരില്‍ കൂടുതല്‍ മലയാളികളായതിനാല്‍ മാധുരി ഇങ്ങനെക്കുറിച്ചു.

'ബാത്തിങ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു ചിത്രം പങ്കു വച്ചാല്‍ ഇതാണോ അവസ്ഥ? വെറുതെ മലയാളികള്‍ക്ക് നാണക്കേട് ഉണ്ടാക്കരുത്- മാധുരി കുറിച്ചു. ഇതിനു പിന്നാലെ ഈ ചിത്രം ഇവര്‍ നീക്കം ചെയ്യുകയും ചെയ്തു. 

സമൂഹിക മാധ്യമങ്ങളില്‍ ഗ്ലാമര്‍ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് സന്ദേശമയച്ചവര്‍ക്ക് മാധുരി നേരത്തേ തന്നെ മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. തനിക്ക് ഇഷ്ടമുള്ള ശരീരഭാഗങ്ങള്‍ താന്‍ പുറത്ത് കാണിക്കുമെന്നും നിങ്ങളുടെ ചിന്താഗതികള്‍ അവിടെ തന്നെ വച്ചാല്‍ മതിയെന്നുമായിരുന്നു മാധുരിയുടെ പ്രതികരണം. ഇത്തരത്തില്‍ തന്നെ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ് ഈ മറുപടി എന്നു പറഞ്ഞാണ് മാധുരി അന്ന് പ്രതികരിച്ചത്.

നിങ്ങളുടെ ചിന്താഗതികള്‍ നിങ്ങളുടെ കൈയില്‍ തന്നെ വെച്ചോളൂ. എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍  ഞാന്‍  പുറത്ത് കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാന്‍  വിശ്വസിക്കുന്നു. ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ- മാധുരി പറഞ്ഞു. 

Content Highlights: Madhuri Braganza shares bikini photo, Lisamma in joseph movie