2001-ൽ മിന്നലെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഗൗതം വാസുദേവ് മേനോന്‍ എന്ന സംവിധായകന്‍ സിനിമാപ്രേമികളുടെ മനസ്സ് കീഴടക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്തതും അദ്ദേഹം തന്നെ. 'രഹ്നാ ഹേ തേരേ ദില്‍ മേം' എന്ന ചിത്രത്തില്‍ മാധവനൊപ്പം ദിയ മിര്‍സയായിരുന്നു നായിക. ചിത്രത്തിനു രണ്ടാം ഭാഗം വരുന്നുണ്ടെന്നും മാധവനും ദിയയും തന്നെ നായികാ നായകന്‍മാരാകുമെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരം പ്രചരണങ്ങൾക്കുള്ള മറുപടിയുമായി രംഗത്ത് വരികയാണ് ഇപ്പോള്‍ മാധവന്‍.

ട്വിറ്ററിലൂടെയാണ് മാധവന്റെ പ്രതികരണം. രഹ്നാ ഹേ തേരേ ദില്‍ മേം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ താനും കേട്ടുവെന്നും എന്നാല്‍ അങ്ങനെയൊരു ചിത്രം വരുന്നുണ്ടോയെന്നുപോലും തനിക്കറിയില്ലെന്നും മാധവന്‍ പറയുന്നു. ദിയയുടെയും തന്റെയും ഇപ്പോഴത്തെ പ്രായം പരിഗണിച്ചുകൊണ്ടുള്ള തിരക്കഥയാകണേയെന്നാണ് പ്രാര്‍ഥനയെന്നും മാധവന്‍ ട്രോളുന്നുണ്ട്. താന്‍ ഇനി മാധവ് ശാസ്ത്രിയായി അഭിനയിച്ചാല്‍ അത് ആനയെ ജട്ടി ധരിപ്പിക്കുന്നത് പോലെയാകുമെന്നും മാധവന്‍ ട്വീറ്റ് ചെയ്യുന്നു.

മാധവ് ശാസ്ത്രിയായി മാധവനും റീനയായി ദിയയും രാജീവ് സാം ആയി സെയ്ഫ് അലി ഖാനും എത്തിയ ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍ വിജയമായിരുന്നു. ഹാരിസ് ജയരാജ് ഈണമിട്ട ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ചിത്രത്തിലെ 'സരാ സരാ' എന്ന ഗാനത്തിന് തലമുറകള്‍കള്‍ക്കിപ്പുറവും ആരാധകരുണ്ട്.

Content Highlights : madhavan tweet about rehna he tere dil mein sequel rumours gautham menon movie