ലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചോക്ലേറ്റ് നായകനായിരുന്നു കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവിലെ ആ പഴയ നായകനില്‍ നിന്ന് ഒരുപാട് ദൂരം സഞ്ചരിച്ചുകഴിഞ്ഞു ചാക്കോച്ചന്‍. സിദ്ധാര്‍ഥ് ഭരതന്റെ വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് കുഞ്ചാക്കോ.

അപ്പോഴിതാ കുഞ്ചാക്കോയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നു ഒരു കൊച്ചു മിടുക്കി. നമ്മള്‍ എവര്‍ഗ്രീന്‍ ഹീറോയെന്നും ചോക്ലേറ്റ് നായകനെന്നുമെല്ലാം ഓമനപ്പേരിട്ടു വിളിക്കുന്ന ചാക്കോച്ചന്‍ ഇവള്‍ക്ക് അപ്പൂപ്പനാണ്. അമേരിക്കയിലെ ഷിക്കാഗോയില്‍ നടന്ന നാഫ ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിനിടെയായിരുന്നു അവളുടെ അപ്പൂപ്പന്‍ വിളി. അതും അവാർഡ് ഏറ്റുവാങ്ങാൻ വേദിയിലെത്തിയപ്പോൾ. സദസ്സില്‍ കുഞ്ചാക്കോയുടെ ഭാര്യ പ്രിയയുടെ സാന്നിധ്യത്തിലായിരുന്നു ഇത്.

സംഗതി പ്രേക്ഷകര്‍ക്ക് മാത്രമല്ല, കുഞ്ചാക്കോയ്ക്കും ശരിക്കും പിടിച്ചു. രസകരമായ ഈ സംഭവം കുഞ്ചാക്കോ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

ഒരുപാട് പേര്‍ എന്നെ എവര്‍ഗ്രീന്‍ ഹീറോ, ചോക്ലേറ്റ് ഹീറോ എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍, ചോട്ടയ്ക്ക് ഇതിനെക്കുറിച്ച് വേറെ ചില ചിന്തകളാണുള്ളത്. ഈ കുറുമ്പി എന്നെ വിളിച്ചത് അപ്പൂപ്പന്‍ എന്നാണ്. ഞാന്‍ അവാര്‍ഡ് വാങ്ങാന്‍ പോകുന്നതിന് തൊട്ടുമുന്‍പായിരുന്നു അത്. പിള്ള മനസ്സില്‍ കള്ളമില്ല എന്നാണല്ലോ. കുഞ്ചാക്കോ ഫോട്ടോയ്‌ക്കൊപ്പം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മധു, നിവിന്‍ പോളി, മഞ്ജു വാര്യര്‍, മന്യ, ആശ ശരത്, ഗീതു മോഹന്‍ദാസ്, അപര്‍ണ ബാലമുരളി, റിമ കല്ലിക്കല്‍, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, ചെമ്പന്‍ വിനോദ് എന്നിവരുമുണ്ടായിരുന്നു അവാർഡ്​ദാന ചടങ്ങിന്.

Kunchako Boban