കോവിഡ് വാക്‌സിന്‍ സ്വീകരിച്ച കെ.ജി.എഫിന്റെ സംവിധായകന്‍ പ്രശാന്ത് നീലിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു. പ്രശാന്ത് തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്‌. നഴ്‌സ് സൂചികൊണ്ടു വന്നതും പ്രശാന്ത് തന്റെ മുഖംപൊത്തി. ഇഞ്ചക്ഷന്‍ എടുത്ത് തീരുന്നത് വരെ കണ്ണുംപൂട്ടിയിരുന്നു. സിനിമയില്‍ വയലന്‍സും ആക്ഷനും ധാരാളം ഉണ്ടെങ്കിലും പ്രശാന്തിന്റെ മനസ്സ് കൊച്ചുകുട്ടികളെക്കാള്‍ ലോലമാണെന്ന് ആരാധകര്‍ കുറിക്കുന്നു. 

വാക്‌സിന്‍ സ്വീകരിക്കാന്‍ ഇനിയും മടിച്ചു നില്‍ക്കരുതെന്ന് പ്രശാന്ത് ആരാധകരോട് അഭ്യര്‍ഥിച്ചു. നിങ്ങളും കുടുംബവും എത്രയും വേഗം സ്ലോട്ട് ബുക്ക് ചെയ്ത് കോവിഡ് വാക്‌സിന്‍ സ്വീകരിക്കണം- പ്രശാന്ത് കുറിച്ചു. 

2014 ല്‍ പുറത്തിറങ്ങിയ ഉഗ്രം എന്ന ചിത്രത്തിലൂടെയാണ് പ്രശാന്ത് നീല്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഗംഭീര വിജയമായിരുന്നു. പിന്നീട് നാല് വര്‍ഷത്തിന് ശേഷം കെ.ജി.എഫ് സംവിധാനം ചെയ്തു. യഷ് നായകനായ ചിത്രം ഇന്ത്യയൊട്ടാകെ തരംഗമായി. ഇപ്പോള്‍ കെ.ജി.എഫ് രണ്ടാം ഭാഗമാണ് പ്രശാന്ത് സംവിധാനം ചെയ്യുന്നത്. സഞ്ജയ് ദത്താണ് ചിത്രത്തില്‍ വില്ലന്‍കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.