ഷാരൂഖ് ഖാന്‍ അവതാരകനായെത്തിയ കോന്‍ ബനേഗ ക്രോര്‍പതിയുടെ പഴയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കോളേജ് അധ്യാപികയായ അര്‍ച്ചനയായിരുന്നു ഷോയിലെ അതിഥി. ഹോട്ട് സീറ്റിലെത്തിയ അര്‍ച്ചന ഷാരൂഖ് ഖാന്റെ അഭിനയത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുകയും ആലിംഗനം നിരസിക്കുകയും ചെയ്യുന്നു. 

ഞാന്‍ നിങ്ങളുടെ ആരാധികയല്ല എന്ന മുഖവുരയോടെയാണ് തുടക്കം. ''മിസ്റ്റര്‍ ഖാന്‍, ഞാന്‍ നിങ്ങളുടെ സിനിമകള്‍ കാണാറുണ്ട്. നിങ്ങള്‍ ഒരു നല്ല നടനാണെന്ന് കരുതിയിരുന്നില്ല. നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഒരു കാര്യം സമ്മതിക്കും, നിങ്ങളുടെ ഭാവാഭിനയത്തിന് ഷമ്മി കപൂറിന്റേതുമായി സാമ്യമുണ്ട്''. 

ഇതു കേട്ടതും ഷാരൂഖ് ഷമ്മി കപൂറിന്റെ ജനപ്രീതിയാര്‍ജിച്ച സംഭാഷണം പറയാന്‍ അഭിനയിക്കാന്‍ തുടങ്ങി, യാഹൂ, എന്ന് പറഞ്ഞ് തുടങ്ങിയപ്പോള്‍ അര്‍ച്ചന ഇടപെട്ടു. ''അല്ല, ഞാന്‍ അഭിനയത്തിന്റെ തീവ്രതയെക്കുറിച്ചല്ല പറഞ്ഞത്. നിങ്ങളുടെ കണ്ണുകള്‍ ഏറെ വികാരദ്യോതകമായവയാണ്.'' 

''നിങ്ങള്‍ എന്നെ പ്രശംസിക്കുകയാണോ അതോ, ചീത്ത പറയുകയാണോ'' എന്ന് ഷാരൂഖ് ഖാന്‍ അര്‍ച്ചനയോട് ചോദിച്ചു. 

ഷോയില്‍ നിന്ന് പിന്‍മാറുന്നതിന് മുന്നോടിയായി അര്‍ച്ചന പറഞ്ഞതാണ് എല്ലാവരെയും ഞെട്ടിച്ചത്. ഇനിയും ചോദ്യങ്ങളെ നേരിട്ടാല്‍ നഷ്ടം സംഭവിച്ചേക്കാം. അതുകൊണ്ട് ഞാന്‍ മുന്നോട്ട് പോകുന്നില്ല. എനിക്ക് നിങ്ങളെ ആലിംഗനം ചെയ്യാന്‍ ഉദ്ദേശമില്ല (മത്സരാര്‍ഥികള്‍ ഷോയില്‍ വരുമ്പോഴും പോകുമ്പോഴും അവതാരകര്‍ കെട്ടിപ്പിടിക്കുന്ന പതിവുണ്ട് ) . ഞാന്‍ പുറത്ത് പോകുന്നു. 

അധ്യാപികയുടെ മറുപടി കേട്ട് ഒരു മാത്ര ഷാരൂഖ് നിശബ്ദനായി നിന്നു. ഒടുവില്‍ ശാന്തതയോടെ പറഞ്ഞു, ''എനിക്ക് നിങ്ങളെ ആലിംഗനം ചെയ്യണമെന്നുണ്ടായിരുന്നു. കാരണം നിങ്ങള്‍ നന്നായി കളിച്ചു. നിങ്ങള്‍ വലിയ ഗൗരവക്കാരിയാണെന്നറിയാം. എന്നാല്‍ നിങ്ങള്‍ നേടിയ പണത്തിന്റെ ചെക്ക് പ്രേക്ഷകര്‍ക്കൊപ്പം ഇരിക്കുന്ന നിങ്ങളുടെ അമ്മയെ ഏല്‍പ്പിക്കട്ടെ. എന്റെ ആലിംഗനം  അവര്‍ നിരസിക്കില്ല എന്ന് എനിക്കുറപ്പാണ്.'' പ്രേക്ഷകര്‍ക്കൊപ്പം ഇരിക്കുന്ന അര്‍ച്ചനയുടെ അമ്മയ്ക്കരികില്‍ ഷാരൂഖ് എത്തുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. 

Content Highlights: KBC: When Shah Rukh Khan's reaction after Lady professor criticized his acting, said she didn't want a hug