ബോളിവുഡിലെ സ്‌റ്റൈലിഷ് ഐക്കണാണ് കരീന കപൂര്‍ ഖാന്‍. എന്നാല്‍ അമ്മയായ ശേഷവും വീണ്ടും സിനിമകളിലേക്ക് മടങ്ങിയെത്തിയതിന് താരത്തിന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളും ചില്ലറയല്ല. മകനെ നോക്കാത്ത അമ്മയാണ് കരീനയെന്നും മകനെ പട്ടിണിക്കിടുകയാണെന്നും ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു . ഇപ്പോള്‍ ആ ട്രോളുകള്‍ക്കെല്ലാം മറുപടിയുമായി വന്നിരിക്കുകയാണ് താരം. 

അര്‍ബാസ് ഖാന്‍ അവതാരകനായത്തെുന്ന ചാറ്റ് ഷോയിലാണ് താരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. തൈമൂര്‍ പട്ടിണി കിടന്നു മരിക്കുകയായെന്നായിരുന്നു ഓണ്‍ലൈനില്‍ വന്ന ഒരു കമന്റ്. 

ഇതിന് കരീന നല്‍കിയ മറുപടി ഇങ്ങനെയാണ്- "അവന്‍ പട്ടിണി കിടക്കുകയൊന്നുമല്ല. സത്യത്തില്‍ അവന്‍ കുറച്ചേറെ ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.. അവന് നന്നായി തടി തോന്നിക്കാന്‍ തുടങ്ങിയിരിക്കുന്നു". കരീന പറയുന്നു. 

തൈമൂറിനെ വിടാതെ പിന്തുടരുന്ന പാപ്പരാസികളെയും താരം വിമര്‍ശിക്കുന്നുണ്ട്. "എന്താണ് ഈ മാധ്യമങ്ങള്‍ ചെയ്യുന്നത്. ചില സമയങ്ങളില്‍ അവര്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നു. പ്രത്യേകിച്ചും തൈമൂറിന്റെ കാര്യം വരുമ്പോള്‍. അവന്‍ എന്ത് കഴിക്കുന്നു,  എവിടെ പോകുന്നു, ഇങ്ങനെ മാധ്യമങ്ങള്‍ അവനെ വിടാതെ പിന്തുടരുകയാണ്. വല്ലപ്പോഴും ആണെങ്കില്‍ കുഴപ്പമില്ല, പക്ഷേ എന്നും ഇങ്ങനെ ആണെങ്കിലോ അവന് വെറും രണ്ട് വയസേ ആയിട്ടുള്ളൂ"-കരീന പറയുന്നു. 

നേരത്തെ ബിക്കിനി ധരിച്ചതിന് തനിക്ക് നേരെ വന്ന വിമര്‍ശനങ്ങള്‍ക്കും കരീന പരിപാടിയിലൂടെ മറുപടി നല്‍കിയിരുന്നു. കുറച്ച് നാള്‍ മുന്‍പ് കരീനയും സെയ്ഫും തൈമൂറും അവധിക്കാലം ആഘോഷിക്കുന്നതിനായി വിദേശയാത്ര നടത്തിയിരുന്നു. സെയ്ഫ് അലി ഖാന്റെ സഹോദരി സോഹയും ഭര്‍ത്താവും മകളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഈ യാത്രകള്‍ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

അക്കൂട്ടത്തില്‍ കരീനയും സോഹയും ബിക്കിനി ധരിച്ചെത്തിയ ഒരു ചിത്രവും ഉണ്ടായിരുന്നു. ഇതിന് താഴെ വന്ന ഒരു കമന്റാണ് അര്‍ബാസ് ഖാന്‍ പരിപാടിക്കിടയില്‍ കരീനയെ വായിച്ച് കേള്‍പ്പിച്ചത്. ''നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാന്‍. ഭാര്യ ബിക്കിനി ധരിക്കുമ്പോള്‍ നിങ്ങള്‍ക്കു നാണക്കേട് തോന്നുന്നില്ലേ'' എന്നായിരുന്നു ആ കമന്റ്. 

ഇതിന് കരീന നല്‍കിയ മറുപടിയും വൈറലായിരുന്നു. 'ഞാന്‍ ബിക്കിനി ധരിക്കുന്നത് തടയാന്‍ സെയ്ഫ് ആരാണ്. നീ എന്തുകൊണ്ടാണ് ബിക്കിനി ധരിക്കുന്നത്? അല്ലെങ്കില്‍ നീ എന്തിനാണ് ഇത് ചെയ്തത് എന്ന് സെയ്ഫ് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങളുടേത് എന്ന് ഇതുവരെ എനിക്ക് തോന്നിയിട്ടില്ല. എനിക്ക് അങ്ങനെ ചിന്തിക്കാന്‍ തന്നെ സാധ്യമല്ല. വളരെയേറെ ഉത്തരവാദിത്തത്തോടെയുള്ള ബന്ധമാണ് ഞങ്ങളുടേത്. അദ്ദേഹം എന്നെ വിശ്വസിക്കുന്നു. ഞാന്‍ ബിക്കിനി ധരിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കും. ഞാന്‍ നീന്തിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍''- കരീന പറഞ്ഞു.

Content Highlights : Kareena Kapoor Khan On Trolls Thaimur Ali Khan Arbaz Khan Show