ബോളിവുഡിലെ ഹിറ്റ് ചാറ്റ് ഷോയാണ് സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന കോഫി വിത് കരണ്‍. പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥികളായെത്തിയത് കരീന കപൂര്‍ ഖാനും പ്രിയങ്ക ചോപ്രയുമായിരുന്നു.

ഭര്‍ത്താവ് സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യ അമൃത സിങ്ങുമായുള്ള ബന്ധത്തെക്കുറിച്ചും മകള്‍ സാറ അലി ഖാനെ കുറിച്ചും പരിപാടിയില്‍ കരീന മനസ് തുറക്കുകയുണ്ടായി. അമൃത സിങ്ങുമായുള്ള ബന്ധത്തെക്കുറിച്ച് കരണിന്റെ ചോദ്യത്തിന് താനിത് വരെ അമൃതയെ കണ്ടിട്ട് പോലുമില്ല എന്നായിരുന്നു കരീന നല്‍കിയ മറുപടി.

"ഞാന്‍ അമൃതയെ കണ്ടിട്ട് പോലുമില്ല. സെയ്ഫ് വിവാഹമോചിതനായി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഞാനും അദ്ദേഹവും തമ്മില്‍ കാണുന്നത്. അദ്ദേഹം തീര്‍ത്തും സിംഗിള്‍ ആയിരുന്നു അന്ന്. ഞാന്‍ അമൃതയെ കണ്ടിട്ടില്ല, പക്ഷേ എനിക്ക് അവരോട് വളരെയധികം ബഹുമാനവും നന്ദിയും തോന്നുന്നുണ്ട്"-കരീന പറയുന്നു.

സെയ്ഫ് തന്നെ പ്രൊപ്പോസ് ചെയ്തത് എങ്ങനെയെന്നും കരീന വെളിപ്പെടുത്തി. "ഗ്രീസില്‍ ടാഷാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനായ പോയപ്പോഴാണ് സെയ്ഫ് പ്രൊപ്പോസ് ചെയ്യുന്നത്. ഒരു ദിവസം രാവിലെ എഴുന്നേറ്റ് സെയ്ഫ് എന്നോട് പറഞ്ഞു, എനിക്ക് നിന്നെ വിവാഹം കഴിക്കണം. നമുക്ക് ഒരു പള്ളിയില്‍ പോകാം അവിടെ വച്ച് തന്നെ വിവാഹം ചെയ്യാം എന്ന്. ഞാന്‍ ചോദിച്ചു നിങ്ങള്‍ക്ക് വട്ടായോ എന്ന്. 

ഞാനതൊന്നും കാര്യമാക്കുന്നില്ല എന്നായിരുന്നു സെയ്ഫിന്റെ മറുപടി. എനിക്ക് നിന്നെ വിവാഹം കഴിക്കണം. എന്റെ ഇനിയുള്ള ജീവിതം നിന്നോടൊപ്പം വേണം. അതല്ലാതെ വേറൊന്നും എനിക്ക് മുന്നിലില്ല. സെയ്ഫ് പറഞ്ഞു. എനിക്കദ്ദേഹത്തോട് ഭ്രാന്തമായ സ്‌നേഹമായിരുന്നു. ഇന്നും അങ്ങനെ തന്നെ ഇനിയുള്ള എന്റെ ജീവിതത്തിലും അങ്ങനെ തന്നെ ആയിരിക്കും. അദ്ദഹത്തെ വിവാഹം ചെയ്തതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം."-കരീന പറയുന്നു . 

Content Highlights : Kareena Kapoor Khan On Koffee With Karan Kareena About Amritha Singh Saif Ali Khan