ജനിച്ച അന്ന് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു സെയ്ഫ് അലി ഖാന്റെയും കരീനയുടെയും കുഞ്ഞു തൈമൂര്‍. തൈമൂര്‍ അലിഖാന്‍ പട്ടൗഡി എന്നാണ് കുഞ്ഞിന്റെ പൂര്‍ണനാമം. മധ്യേഷ്യയില്‍ തിമൂറി സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിന്റെ പേരില്‍ നിന്നാണ് തൈമുര്‍ എന്ന പേര് ഉരുത്തിരിഞ്ഞതെന്ന അഭിപ്രായങ്ങള്‍ വലിയ വിവാദമായിരുന്നു. 

സ്വേച്ഛാധിപതിയായ തിമൂറിന്റെ പേര് കുഞ്ഞിന് നല്‍കിയത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചു. തുടര്‍ന്ന് ട്വിറ്ററില്‍ കടുത്ത ആക്രമണമാണ് കുഞ്ഞിന്റെ പേരിനെതിരെ അഴിച്ചുവിട്ടത്. 

എന്നാല്‍, കുഞ്ഞിന് തൈമൂര്‍ എന്നല്ലാതെ മറ്റൊരു പേര് നല്‍കാനായിരുന്നു സെയ്ഫ് അലിഖാന്  താല്‍പര്യമെന്നും തന്റെ ഒരാളുടെ പിടിവാശി കൊണ്ടാണ് പേര് മാറ്റാതിരുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് കരീന കപൂര്‍. ഐ.എ.എന്‍.എസിന് നല്കിയ അഭിമുഖത്തിലാണ് കുഞ്ഞിന്റെ പേരിനെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ച് കരീന പ്രതികരിച്ചത്.

'പ്രസവത്തിനായി ആശുപത്രിയില്‍ പോകുന്നതിന് ഒരു ദിവസം മുന്‍പ് കുഞ്ഞിനെന്ത്  പേര്  നല്കണമെന്നതിനെ കുറിച്ച് ഞാനും സെയ്ഫും സംസാരിച്ചിരുന്നു. ഫായിസ് എന്ന് പേര് നല്‍കാനായിരുന്നു സെയ്ഫിന്റെ തീരുമാനം. ആ പേര് വളരെ കാവ്യാത്മകവും പ്രണയാതുരവും ആണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷെ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു.  

തൈമൂര്‍ എന്നാല്‍ അറബിയില്‍ ഇരുമ്പ് എന്നാണ് അര്‍ഥം. ഞാന്‍ ഒരു ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കുന്നതെങ്കില്‍ അവന്‍ ഒരു പോരാളിയായിരിക്കും. ഞാന്‍ ഒരു ഇരുമ്പു മനുഷ്യനെ വാര്‍ത്തെടുക്കും. അതെ, അഭിമാനത്തോട് കൂടി തന്നെ ഞാന്‍ അത് ചെയ്തു. പേരിനെ ചൊല്ലി നിരവധി പുകിലുകള്‍ ഉണ്ടായി, സത്യമാണ്. എന്നാല്‍ അതേപോലെ തന്നെ പിന്തുണയും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ആ പുകിലുകള്‍ ഒന്നും തന്നെ ഞങ്ങളെ ബാധിച്ചില്ല. കാരണം ഇത് ഞങ്ങളുടെ തീരുമാനമായിരുന്നു". കരീന പറഞ്ഞു 

Content Highlights : kareena kapoor about taimur, saif wants to name taimur as faiz, kareena kapoor saif ali khan taimur