ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ ഇന്‍സറ്റാഗ്രാമില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രം സാമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. കാരണം മറ്റൊന്നുമല്ല, ബോളിവുഡിലെ ഖാന്‍മാരെയും യുവതാരങ്ങളെയും ഒരൊറ്റ ഫ്രെയിമിന്‍ ഒരുമിച്ചു കണ്ടതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഒപ്പം ഒരുപാട് അഭ്യൂഹങ്ങള്‍ക്കുള്ള മറുപടിയും. 

ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍, ദീപികാ പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, റണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിലുള്ളത്.

ഷാരൂഖും ആമീറും തമ്മില്‍ നേരത്തേ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. പുരസ്‌കാര നിശകളില്‍ പോലും ആമീര്‍ പങ്കെടുക്കാത്തത് ഷാരൂഖിന്റെ സാന്നിധ്യമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആമീറും ഷാരൂഖും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് അടിവരയിട്ടു പറയുകയാണ് ഈ ചിത്രം.

ബോളിവുഡിലെ പ്രണയ ജോടികളാണ് ആലിയയും റണ്‍ബീറും അതുപോലെ തന്നെ ദീപികയും രണ്‍വീറും. സിനിമയിലെ തുടക്കക്കാലത്ത് റണ്‍ബീര്‍ ദീപികയുമായി പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. ജീവിതത്തിലുണ്ടായ അസ്വാരസ്യങ്ങളൊന്നും ദിപീകയുടെയും റണ്‍ബീറിന്റെയും തൊഴിലിനെ ബാധിച്ചില്ല. പ്രണയം തകര്‍ന്നതിന് ശേഷവും ഇരുവരും സിനിമയിലൂടെ ഒന്നിച്ചു. റണ്‍ബീറും ദീപികയും തമ്മില്‍ അകല്‍ച്ചയിലാണെന്ന വാദത്തെയും കാറ്റില്‍ പറത്തിയിരിക്കുകയാണ് ഈ ചിത്രം. 

രണ്‍വീറും ആലിയയുമാണ് കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തിലെ താരങ്ങള്‍. റണ്‍ബീറിനൊപ്പം അയാന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലും ആലിയ വേഷമിടുന്നു. എന്നാല്‍ സഞ്ജയ് ലീല ബാന്‍സാലി ഒരുക്കിയ പത്മാവതിന് ശേഷം ദീപിക മറ്റൊരു ചിത്രത്തിലും അഭിനയിച്ചിട്ടില്ല. ഷാരൂഖ് നായകനായെത്തുന്ന സീറോ എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ദീപികയെത്തുന്നുണ്ട്. നവംബറില്‍ രണ്‍വീറും ദീപികയും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.