ലോക്ക്ഡൗണില്‍ മറ്റു ഭാഷകളിലെയും സിനിമകള്‍ കണ്ട് സമയം ചെലവഴിക്കുകയാണ് ബോളിവുഡിലെ താരങ്ങള്‍. സംവിധായകന്‍ കരണ്‍ ജോഹറാണ് തമിഴ് സംവിധായകരായ വെട്രിമാരന്‍, അറ്റ്‌‌ലി എന്നിവരുടെ സിനിമകളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കരണ്‍ തെന്നിന്ത്യന്‍ സംവിധായകരെക്കുറിച്ചും അവരുടെ സിനിമകളെക്കുറിച്ചും സംസാരിച്ചത്. 

ധനുഷും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍. വലിയ വിമര്‍ശകപ്രശംസ നേടിയ സിനിമ കൂടിയാണിത്‌. 'ശരിക്കും ചിന്തിപ്പിച്ചു, പിടിച്ചിരുത്തുന്ന സിനിമ', എന്നാണ് അസുരനെക്കുറിച്ച് കരണ്‍ പറഞ്ഞത്.

'വെട്രിമാരന്റെ അസുരന്‍ കാണാനിടയായി. വാക്കുകള്‍ കിട്ടുന്നില്ല പറയാന്‍. ധനുഷ് ശരിക്കും ഞെട്ടിച്ചു, അഭിനയം തകര്‍ത്തു. പിടിച്ചിരുത്തി എന്നു തന്നെ പറയാം. ബോക്‌സോഫീസില്‍ ഹിറ്റായ അറ്റ്‌ലി സിനിമ ബിഗിലും കണ്ടു. അറ്റ്‌ലിയുടെ എല്ലാ സിനിമകളും എനിക്കിഷ്ടമാണ്. മസാല സിനിമകളുടെ മാന്ത്രികനാണ് അദ്ദേഹം', കരണ്‍ പറഞ്ഞു. പ്രശംസയക്ക് നന്ദി പറഞ്ഞ് അറ്റ്‌‌ലിയും മറുപടി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒത്തിരി സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു. 

Content Highlights: Karan Johar praises Vetrimaran and Atlee for their movies Asuran and Bigil