തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറഞ്ഞ തമിഴ് ചിത്രം തലൈവിയ്ക്ക് വേണ്ടി നടി കങ്കണ റണാവത് നടത്തിയ മെയ്ക്കോവർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഏതാണ്ട് 20 കിലോ​ ശരീരഭാ​രം കൂട്ടിയാണ് ജയലളിതയാവാൻ താരം തയ്യാറെടുത്തത്. 

ആറ് മാസത്തിനിടെ 20 കിലോഗ്രാം ഭാരം കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്തത് തന്റെ ശരീരത്തിൽ പാടുകൾ വരുത്തിയെന്ന് പറയുകയാണ് ഇപ്പോൾ കങ്കണ. തലൈവിക്ക് ശേഷം അടുത്ത സിനിമ ധാക്കഡിന് വേണ്ടി താരത്തിന് ഭാരം കുറയ്ക്കേണ്ടി വന്നു. ഈ അനുഭവമാണ് കങ്കണ പങ്കുവയ്ക്കുന്നത്. 

‘ആറു മാസം കൊണ്ട് ശരീരഭാരം 20 കിലോഗ്രാം കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്തത് മുപ്പതുകളിലുള്ള എന്റെ ശരീരത്തിൽ നിരവധി കുഴപ്പങ്ങളാണ് സൃഷ്ടിച്ചത്. ഒരിക്കലും മായാത്ത സ്ട്രെച്ച് മാർക്കുകൾ ഉൾപ്പടെ ശരീരത്തിൽ ഉണ്ടായി. കലയ്ക്ക് വലിയ വില നൽകേണ്ടതുണ്ട്.  പലപ്പോഴും ആ വില എന്നത് കലാകാരൻ അല്ലെങ്കിൽ കലാകാരിയുടെ സ്വയംസമർപ്പണം തന്നെയായിരിക്കും,'– ഭാരത്തിലെ വ്യത്യാസം പ്രകടമാക്കുന്ന ഏതാനും ചിത്രങ്ങൾക്കൊപ്പം കങ്കണ കുറിച്ചു.

എ.എൽ വിജയ് ആണ് തലൈവി സംവിധാനം ചെയ്തത്. ചിത്രത്തിൽ എം.ജി.ആറായി അരവിന്ദ് സ്വാമിയെത്തുമ്പോൾ ശശികലയായി വേഷമിട്ടത് ഷംന കാസിമാണ്.

ബാഹുബലിക്കും മണികർണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആർ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കിയത്. 

content highlights : Kangana Ranaut’s Weight Loss Journey Shedding 20 Kilos in 6 Months from Thalaivi to Dhakkad