ഗര്‍ഭിണിയാണെന്ന വെളിപ്പെടുത്തലുമായി നടി കല്‍ക്കി കൊച്‌ലിന്‍ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. ഗയ് ഹേഷ്ബര്‍ഗ് എന്ന ഇസ്രായേലി പിയാനിസ്റ്റുമായി പ്രണയത്തിലായിരുന്ന കല്‍ക്കി, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ അഞ്ചു മാസം ഗര്‍ഭിണിയാണെന്ന വിവരം തുറന്നു പറഞ്ഞത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും.

എന്നാല്‍ ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും താരത്തിന് ഇരയാകേണ്ടി വന്നു. വിവാഹത്തിന് മുമ്പേ ഗര്‍ഭിണി ആയതില്‍  താരത്തിനെ വിമര്‍ശിച്ചും ധാരാളം പേര്‍ രംഗത്തെത്തി. കല്‍ക്കി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേര്‍ ഭര്‍ത്താവ് എവിടെ എന്ന ചോദ്യം ഉന്നയിച്ചു. ഇപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് കല്‍ക്കി. പിങ്ക്വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.  

'ഭര്‍ത്താവ് എവിടെയാണ്. നിനക്കെങ്ങനെ ഇത് ചെയ്യാന്‍ തോന്നി, ഇത്രയും ഇറുകിപ്പിടിച്ചു കിടക്കുന്ന വേഷം ധരിക്കരുത്, എന്തിനാണ് നിന്റെ വയര്‍ മറ്റുള്ളവരെ കാണിക്കുന്നത്?, എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഏറെ ഉയര്‍ന്നു വന്നത്. പക്ഷേ ഈ വിമര്‍ശിക്കുന്ന ആരെയും എനിക്ക് നേരിട്ട് അറിയുന്നവരല്ല, അതുകൊണ്ട് തന്നെ അവയൊന്നും എന്നെ ബാധിക്കുന്നുമില്ല.  സെലിബ്രിറ്റിയുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെ ഞാന്‍ ഓക്കെയാണ്. നിങ്ങളൊരു സെലിബ്രിറ്റി ആണ് നിങ്ങള്‍ക്ക് ഒരു നിലപാട് ഉണ്ട് എങ്കില്‍ നിങ്ങള്‍ ഗര്‍ഭിണി അല്ലെങ്കില്‍ പോലും ട്രോളുകള്‍ വരും. അതുകൊണ്ട് അവയൊന്നും എന്നെ ബാധിക്കുന്നില്ല.

എന്റെ അടുത്ത ബന്ധുക്കളും അയല്‍ക്കാരും സുഹൃത്തുക്കളുമൊക്കെ ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചാല്‍ ഒരുപക്ഷെ അതെന്നെ ബാധിക്കും. പക്ഷെ അവരെല്ലാം എനിക്ക് വലിയ പിന്തുണയാണ് നല്‍കിയത്. അവര്‍ക്കറിയാം ഞാന്‍ വിവാഹിതയല്ലെന്ന്. എന്നിരുന്നാലും അവര്‍ എനിക്ക് നല്‍കുന്ന പിന്തുണ ഏറെ വലുതാണ്'. കല്‍ക്കി പറയുന്നു

താനും പങ്കാളിയും ഉടനെ ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ആദ്യമൊന്നും വിശ്വസിക്കാനായില്ലെങ്കിലും പിന്നീടതിനെ സന്തോഷത്തോടെ അംഗീകരിച്ചെന്നും കല്‍ക്കി പറയുന്നു.

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് കല്‍ക്കിയുടെ മുന്‍ ഭര്‍ത്താവ്. 2011-ല്‍ വിവാഹിതരായ ഇരുവരും 2015-ലാണ് വിവാഹമോചിതരാകുന്നത്. 

Content Highlights : Kalki Koechlin on pregnancy Trolls and Criticisms