കിടിലൻ മെയ്ക്കോവർ കൊണ്ടാണ് പ്രിയ നടൻ ജയാറാം അടുത്തിടെ ആരാധകരെ ഞെട്ടിച്ചത്. കൂടുതൽ മെലിഞ്ഞ് മസിൽമാനായുള്ള ഫോട്ടോ താരം തന്നെയാണ് തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ അച്ഛന്റെ അർപ്പണ മനോഭാവത്തെ കുറിച്ച് വികാര നിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മകനും നടനുമായ കാളിദാസ് ജയറാംം

"നിങ്ങളുടെ ഒഴികഴിവുകളേക്കാൾ ശക്തരാവുക, ഈ മനുഷ്യൻ ഇന്നും എല്ലാ ദിവസവും രാവിലെ 5 മണിക്ക് എഴുന്നേറ്റ് വർക്കൗട്ട് ചെയ്യുന്നു, അദ്ദേഹത്തിന്റെ പ്രായത്തിൽ ഇതിന്റെ പകുതിയെങ്കിലും എനിക്ക് ചെയ്യാനായാൽ ഞാൻ എന്നെത്തന്നെ ഭാ​ഗ്യവാനെന്ന് വിശേഷിപ്പിക്കും". ജയറാമിന്റെ വർക്കൗട്ട് ചിത്രം പങ്കുവച്ച് കാളിദാസ് കുറിച്ചു.

​ഗായകൻ വിജയ് യേശുദാസ് ഇതിന് നൽകിയ കമന്റും ശ്രദ്ധ നേടുകയാണ്. "അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ടാണ് ഇന്നത്തെ നിലയിലേക്ക് അദ്ദേഹം എത്തിയത്. അദ്ദേഹം ഇന്ന് ആരാണെന്നോ എന്താണെന്നോ താരതമ്യം ചെയ്യേണ്ട കാര്യമില്ല, നിന്നെ സ്വയം രൂപപ്പെടുത്തുക, സംതൃപ്തി നൽകുന്നതെന്തോ എതിൽ പ്രവർത്തിക്കുക.." വിജയ് കുറിച്ചു.

അല്ലു അർജുൻ നായകനായെത്തിയ അല വൈകുണ്ഠപുരമുലോ എന്ന ചിത്രത്തിന് മുന്നോടിയായിട്ടായിരുന്നു ജയറാമിന്റെ ​ഗംഭീര മെയ്ക്കോവർ. ചിത്രത്തിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നമോ ആണ് മെയ്ക്കോവർ കൊണ്ട് ജയറാം ഞെട്ടിക്കാൻ പോകുന്ന മറ്റൊരു ചിത്രം. വിജീഷ് മണി ഒരുക്കുന്ന ചിത്രത്തിൽ മൊട്ടയടിച്ച്, ശരീര ഭാരം 20 കിലോ കുറച്ച് കുചേലനായാണ് ജയറാം അഭിനയിക്കുന്നത്. ഇതുകൂടാതെ മണിരത്നം ഒരുക്കുന്ന പൊന്നിയിൽ സെൽവനിലും ജയറാം വേഷമിടുന്നുണ്ട്. സന്തോഷ് ശിവൻ ഒരുക്കുന്ന ജാക്ക് ആൻഡ് ജിൽ, ബാക്ക്പാക്കേഴ്സ് എന്നിവയാണ് കാളിദാസിന്റെ പുതിയ ചിത്രങ്ങൾ.

Content Highlights : Kalidas Jayaram Shares workout picture of jayaram