കസബ വിവാദവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെ അധിക്ഷേപിക്കുന്ന പരമാര്‍ശം അടങ്ങുന്ന ലേഖനം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതിന് മലയാള സിനിമയിലെ  വനിതാകൂട്ടായ്മയായ ഡബ്ലിയൂ.സി.സിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് സംഘടന പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.  നാനാഭാഗത്ത് നിന്നും രൂക്ഷമായ ഭാഷയിലുള്ള പ്രതികരണങ്ങള്‍ വന്നതോടെയാണ്  ഡബ്ലിയൂസിസി ലേഖനം പിന്‍വലിച്ചത്.

ഈ സംഭവത്തില്‍ ഡബ്ലിയൂസിസിയെ പരിഹസിച്ച് ട്രോളുമായി വന്നിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് . സംഘടനയെ പേരെടുത്ത് പറയാതെയാണ് ജൂഡിന്റെ പരിഹാസം. 

ജൂഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് : 

ഇവിടെ വീടിന്റെ അടുത്ത് കേബിള്‍ പണിക്കാര്‍ ഒരു പോസ്റ്റ് കുഴിച്ചു ഇന്നലെ. ഇന്ന് രാവിലെ അത് കാണാനില്ല. ഒരു പോസ്റ്റ് പോലും ഉറപ്പായി നിര്‍ത്താന്‍ അറിയാത്ത ഇവരൊക്കെ എന്ത് കേബിള്‍ ടിവി. ഇതിലും ഭേദം റേഡിയോ ആണ്.

jude

കട്ട പിന്തുണയാണ് ജൂഡിന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. മുന്‍പ് കസബ വിഷയത്തില്‍ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജൂഡ് വന്നതും പാര്‍വതി അതെ നാണയത്തില്‍ മറുപടി കൊടുത്തതും വലിയ വാര്‍ത്തയായിരുന്നു .

എന്നാല്‍, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ  പാര്‍വതി-പൃഥ്വിരാജ് ജോഡികള്‍ ഒന്നിക്കുന്ന 'മൈ സ്റ്റോറി' എന്ന  ചിത്രത്തിലെ ഗാനത്തിനും മെയ്ക്കിങ് വിഡിയോയ്ക്കും  നേരെ നടക്കുന്ന ഡിസ്ലൈക്ക് ആക്രമണങ്ങളില്‍ അപലപിച്ച്, ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമാണെന്നും സിനിമയെ സപ്പോര്‍ട്ട് ചെയ്യൂ എന്ന ആഹ്വാനവുമായി ജൂഡ് വന്നതും ശ്രദ്ധേയമായിരുന്നു