''കൊല്ലണം മാമാ മുരുകനെ കൊല്ലണം എന്ന് പറയുന്ന പുലിമുരുകന്‍ കൊന്ന പുലിയുടെ കുഞ്ഞ്. ചെമ്മീന്‍ സിനിമയില്‍ ഇതില്‍ നമ്മളിവിടെ എന്നന്വേഷിക്കുന്ന ചെമ്മീന്‍. ഇന്ദുചൂഢന്റെ എന്‍ട്രി സീനില്‍ ആ പിള്ളേര് വിളിക്കാന്‍ അഞ്ച് സെക്കന്‍ഡ് വൈകിയിരുന്നെങ്കില്‍ എന്ന് നെടുവീര്‍പ്പിടുന്ന മീന്‍ കുഞ്ഞുങ്ങള്‍... ''

സിനിമയില്‍ കണ്ട ഈ മൃഗങ്ങളുടെ കഥാപാത്രങ്ങള്‍ കഥ പറയുന്ന പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആണ്. സിനിമയില്‍ കണ്ട് പരിചയിച്ച  മൃഗങ്ങളുടെ കഥാപാത്രങ്ങളിലൂടെ പുതിയൊരു ലോകത്തെ ക്ലബ്ബ് എഫ്എമ്മിനൊപ്പം പരിചയപ്പെടുത്തുന്നത് സിനിമാ-പരസ്യ സംവിധായകനായ ജെനിത് കാച്ചപ്പിള്ളിയും ഇല്ലസ്‌ട്രേറ്റര്‍ ആര്ടിസ്റ്റ് ആയ ഡൂഡില്‍ മുനി എന്നറിയപ്പെടുന്ന ആരോഷ് തോവാടത്തിലുമാണ്. 

ഒരു മാസത്തിലധികം ആലോചിച്ച്  ജോലിയുടെ ഇടവേളകളില്‍ ഇരുവരും പൂര്‍ത്തിയാക്കിയ പോസ്റ്റര്‍ സീരീസാണിത്‌. ജെനിത് കാച്ചപ്പിള്ളി 'മറിയം വന്നു വിളക്കൂതി' എന്ന പടത്തിനു ശേഷം അടുത്ത സിനിമയുടെ പണിപ്പുരയിലാണ്. ഡൂഡില്‍ മുനി എന്നറിയപ്പെടുന്ന ആരോഷ് തോവാടത്തില്‍ 12 വര്‍ഷത്തിലേറെയായി ഇന്ത്യയിലെ പ്രമുഖ പരസ്യ ഏജന്‍സികള്‍ക്കു വേണ്ടി ഇല്ലസ്‌ട്രേഷന്‍, സ്റ്റോറി ബോര്‍ഡ് വര്‍ക്കുകളാണ് ചെയ്യുന്നത്. സിനിമാതാരങ്ങളായ വിനീത് ശ്രീനിവാസനും അജു വര്‍ഗീസുമാണ് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്.

Content Highlights: jenith kachappilly, Arosh Thovadathil funny Viral wildlife cinema posters