പോയ വർഷം ലോക്ഡൗൺ സമയത്ത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയ വീഡിയോ കോൾ ചിത്രമുണ്ടായിരുന്നു. വീടുകളിൽ ലോക്കായി മാറിയ നാല് യുവതാരങ്ങളുടെ സൗഹൃദച്ചിത്രം.

പൃഥ്വിരാജ്, ജയസൂര്യ, നരേൻ, ഇന്ദ്രജിത്ത് എന്നിവർ വീഡിയോ കോളിലൂടെ സംസാരിക്കുന്നതിന്റെ ചിത്രമായിരുന്നു ഇത്. അന്ന് ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോർദാനിലായിരുന്ന പൃഥ്വി അവിടെയിരുന്നാണ് വീഡിയോകോളിലൂടെ കൂട്ടുകാരുമായി പങ്കുചേർന്നത്. 'ക്ലാസ്മേറ്റ്സിന്റെ' ചിത്രമെന്ന കുറിപ്പോടെ ആരാധകരും ഈ ചിത്രം ഏറ്റെടുക്കുകയുണ്ടായി. ലാൽ ജോസിന്റെ സംവിധാനത്തിൽ 2006-ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൽ നാല് പേരും ഒന്നിച്ചെത്തിയിരുന്നു.

നാല് പേരും ഒന്നിച്ചുള്ള മറ്റൊരു വീഡിയോ കോൾ ചിത്രമാണ് ഇപ്പോൾ ഈ ലോക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. "കോവിഡ് കാലത്തിന് മുൻപ് സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവർത്തകർ" എന്ന കുറിപ്പോടെ ജയസൂര്യ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.

"കഴിഞ്ഞ വർഷത്തെ ലോക്ഡൗണിൽ ഇതേ പോലൊരു സ്ക്രീൻഷോട്ട് ഞങ്ങൾ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിലെ പ്രധാന വ്യത്യാസമെന്തെന്നാൽ മരുഭൂമിയുടെ നടുക്ക് പെട്ടു കിടക്കാതെ കുടുംബത്തോടൊപ്പം വീട്ടിലിരിക്കാൻ സാധിച്ചതിൽ ഞാൻ ഭാ​ഗ്യവാനാണ്, കൂടാതെ ഒരു വർഷം മുമ്പത്തേതിനാക്കാൾ കഠിനമായ പോരാട്ടമാണ് ഇന്ത്യ ഇപ്പോൾ നടത്തുന്നത്.." ചിത്രം പങ്കുവച്ച് പൃഥ്വി കുറിച്ചു. നരേയ്നും ഇതേ ചിത്രം സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്.

Content Highlights : Indrajith Prithviraj Narein and jayasurya shares video call Screenshot Classmates Reunion