ബോളിവുഡിന്റെ യവന സുന്ദരന്‍, ഹോട്ട്‌സ്റ്റാര്‍, കിങ്ങ് ഓഫ് ഡാന്‍സ് തുടങ്ങിയ വിശേഷണങ്ങളുള്ള താരമാണ് ഹൃത്വിക് റോഷന്‍. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളാണ് ഹൃത്വികിന്റെ ആരാധകന്‍. 2000-ല്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത കഹോ നാ പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക് നായകനായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അഭിനയ രംഗത്ത് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഹൃത്വിക്. എന്നാല്‍ പ്രായം കൂടും തോറും ഹൃത്വികിന്റെ സൗന്ദര്യം വര്‍ധിക്കുകയാണെന്നാണ് ആരാധ പക്ഷം.

തന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയപ്പോള്‍ മുപ്പതിനായിരത്തോളം വിവാഹാഭ്യര്‍ഥനകളും പ്രണയലേഖനങ്ങളും തനിക്ക് ലഭിച്ചുവെന്ന് പറയുകയാണ് ഹൃത്വിക്. കപില്‍ ശര്‍മ്മ അവതാരകനായെത്തുന്ന ഷോയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.  എന്നാല്‍ ചിത്രം പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹൃത്വിക് ബാല്യകാല സുഹൃത്തായ സൂസാനെ ഖാനെ വിവാഹം ചെയ്തു. ഇത് ഹൃത്വികിന്റെ ആരാധികമാരുടെ ഹൃദയം തകര്‍ത്തുവെന്ന് കപില്‍ ശര്‍മ പറഞ്ഞു.

2000-ല്‍ വിവാഹിതരായ ഹൃത്വികും സൂസാനെയും 2013-ല്‍ വേര്‍പിരിഞ്ഞു. എന്നാല്‍ പരസ്പര ബഹുമാനം വച്ചുപുലര്‍ത്തുന്നവരാണ് ഇരുവരും. സാധാരണ വിവാഹബന്ധം വേര്‍പിരിഞ്ഞാല്‍ പലരും ഒരിക്കലും സൗഹൃദം കാത്തുസൂക്ഷിക്കാറില്ല. ഇതില്‍ നിന്ന് വ്യത്യസ്തരാണ് ഹൃത്വിക്കും സൂസാനെയും. അവധിദിനങ്ങള്‍ ആഘോഷിക്കുന്നതും യാത്ര പോകുന്നതും ഒരുമിച്ചാണെന്ന് മാത്രമല്ല ഹൃത്വിക്കിനെതിരേ കങ്കണ റണാവത്ത് ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ആദ്യം പിന്തുണയുമായി രംഗത്ത് വന്നത് സൂസാനെയായിരുന്നു. സൂസാനെയുമായുള്ള ബന്ധത്തില്‍ ഹൃത്വികിന് രണ്ട് ആണ്‍മക്കളുണ്ട്. 

ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സിനിമാ താരങ്ങളുടെ പട്ടികയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ് ഹൃത്വകിന്റെ സ്ഥാനം. വേള്‍ഡ്‌സ് ടോപ്പ്‌മോസ്റ്റ് ഡോട്ട്‌കോം എന്ന അന്താരാഷ്ട്ര വെബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഹൃത്വിക് മുന്‍നിരയിലെത്തിയത്. റോബര്‍ട്ട് പാറ്റിന്‍സണ്‍, ടോം ഹിഡില്‍റ്റണ്‍, ഹെന്റി കാവില്‍, നോഹ മില്‍സ്, ക്രിസ് ഇവാന്‍സ് തുടങ്ങിയ ഹോളിവുഡ് താരങ്ങളെ പിന്തള്ളിയാണ് ഹൃത്വിക് ഒന്നാമതെത്തിയത്.

Content Highlights: Hrithik Roshan Reveals He Got 30,000 Proposals Marriage with sussanne khan War Movie Release