ഹോളിവുഡ് എന്നോ ബോളിവുഡ് എന്നോ മലയാളമെന്നോ വ്യത്യാസമില്ല. നടികള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ബോഡി ഷെയ്മിങ്. നടികള്‍ പൊതുസ്വത്താണെന്നും അവരുടെ ശരീരത്തെ കുറിച്ച് ആര്‍ക്കും എന്തും പറയാമെന്നുമാണ് ഇന്നത്തെ അവസ്ഥ.

ഇത്തരക്കാര്‍ക്ക് മറുപടി പറഞ്ഞ് മടുത്തിരിക്കുകയാണ് നടികളില്‍ ഭൂരിഭാഗം പേര്‍ക്കും. എന്നാല്‍, ഇത്തരം ബോഡി ഷെയ്മിങ്ങുകാരെ ഹോളിവുഡ് നടിയും ഗായികയുമായ ഹിലരി ഡഫ് നേരിട്ട രീതി കണ്ട് ഞെട്ടാത്തവരുണ്ടാവില്ല.

കടപ്പുറത്ത് സ്വിം സ്യൂട്ടുമണിഞ്ഞ് മകനെയെടുത്ത് പുറംതിരിഞ്ഞുനില്‍ക്കുന്ന ഒരു ഫോട്ടോ തന്നെയാണ് ഹിലരി  പോസ്റ്റ് ചെയ്തത്. പ്രസവം ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ പ്രകടമായ ചിത്രം. സാധാരണരീതിയില്‍ ബോഡി ഷെയ്മിങ്ങുകാര്‍ക്ക് കയറി മേയാവുന്ന തരത്തിലുള്ള ഒരു ഫോട്ടോ.

എന്നാല്‍, ഇത്തരക്കാരെ ഉദ്ദേശിച്ചു തന്നെയാണ് ഹിലരി ഈ പടം പോസ്റ്റ് ചെയ്തിരിക്കുന്നത്. കളിയാക്കേണ്ടവര്‍ക്ക് വേണമെങ്കില്‍ കളിയാക്കാം എന്ന ചങ്കൂറ്റത്തോടെ തന്നെ പറഞ്ഞാണ് ഹിലരി പടം ഇട്ടിരിക്കുന്നത്.

എല്ലാ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയാണ് ഞാന്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. മാസങ്ങള്‍ നീണ്ട ഷൂട്ടിങ് കാലത്തിനുശേഷം ഞാന്‍ മകനൊപ്പം അവധി ആഘോഷിക്കുകയാണ്. വെബ്‌സൈറ്റുകള്‍ക്കും മാസികള്‍ക്കും സെലിബ്രിറ്റികളുടെ വീഴ്ചകള്‍ ആഘോഷിക്കാന്‍ ഇഷ്ടമാണല്ലോ. ഇതാ എന്റെ വക ഒന്ന്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം-അഞ്ചു വയസ്സുകാരന്‍ ലൂക്കയെ- തന്നത് ഈ ശരീരമാണ്. ഈ സെപ്തംബറില്‍ എനിക്ക് മുപ്പത് വയസ്സ് തികയുകയാണ്. എന്റെ ശരീരത്തിന് ഇപ്പോഴും നല്ല ആരോഗ്യമുണ്ട്. ആഗ്രഹിക്കുന്നിടത്തെല്ലാം എനിക്ക് പോകാനുമാകും. പ്രിയപ്പെട്ട കൂട്ടുകാരികളെ നമുക്ക് ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചോര്‍ത്തും പിഴവില്ലാത്തവരാകുന്നതിനെക്കുറിച്ചുമെല്ലാം ഓര്‍ത്ത് സമയം പാഴാക്കാതെ ദയവ് ചെയ്ത് നമുക്കുള്ള കാര്യത്തില്‍ അഭിമാനിക്കൂ. താരങ്ങളുടെ ശരീരത്തെ കളിയാക്കുന്നവരെ... നിങ്ങളാരാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. സമയം എങ്ങിനെ നഷ്ടപ്പെടുത്താമെന്നും നിങ്ങള്‍ക്ക് അറിയാം.-ഹിലരി ഫോട്ടോയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഏജന്റ് കോഡി ബാങ്ക്‌സ്, ചീപ്പര്‍ ബൈ ദി ഡസന്‍, എ സിന്‍ഡ്രല്ല സ്‌റ്റോറി, ചീപ്പര്‍ ബൈ ഡസന്‍ 2 എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഹിലരി കൂടുതല്‍ പ്രശസ്തയാവുന്നത് ഹാസ്യ പരമ്പരയായ ലിസി മക് ഗ്യാരിയിലൂടെയാണ്. കനേഡിയന്‍ ഹോക്കി ലീഗ് താരം മൈക്ക് കോമ്രിയായിരുന്നു ഭര്‍ത്താവ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇരുവരും വേര്‍പിരിഞ്ഞു.
 

hilary duff