ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതെത്തിയ ലൂസിഫറിനും യുവരാജ് സിംഗിനും ആദരം നല്‍കി ഗൂഗിള്‍ ഇന്ത്യയുടെ മീം. ലൂസിഫറിനും യുവരാജിനും പുറമെ മിയാമി ഓപ്പണും ഈയാഴ്ച ഗൂഗിള്‍ ഇന്ത്യയില്‍ തരംഗമായി. തുടര്‍ന്ന് ടെന്നീസ് കളിക്കുന്ന മോഹന്‍ലാലിന്റെയും യുവരാജിന്റെയും രസകരമായ മീമാണ് ഗൂഗിള്‍ ഇന്ത്യ പുറത്ത് വിട്ടിരിക്കുന്നത്.

''എല്ലാ റെക്കോഡുകളെയും തകര്‍ക്കാന്‍ കെല്‍പ്പുള്ള നായകന്‍മാര്‍'' എന്നാണ് ഇവരെ ഗൂഗിള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയില്‍ ചിത്രം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 

ഐ.പി.എല്ലില്‍ ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ യൂസ്‌വേന്ദ്ര ചാഹല്‍ പതിനാലാം ഓവറില്‍ എറിഞ്ഞ ആദ്യ മൂന്ന് പന്തും സിക്‌സറിന് പറത്തിയാണ് യുവരാജ് താരമായത്. തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു യുവരാജ് പന്തിനെ ബൗണ്ടറി കടത്തിയത്. നാലാമത്തെ സിക്‌സറിനായുള്ള യുവിയുടെ ശ്രമം പുറത്താകലില്‍ കലാശിച്ചെങ്കിലും യുവരാജിന്റെ ബാറ്റിങ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. 

Content Highlights: google India honors with special video meme of Lucifer Mohanlal yuvaraj singh Miami open