ബോളിവുഡ് നടന്‍ ആമിര്‍ ഖാനുമൊത്തുള്ള പഴയ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് നടി ദീപിക പദുകോണ്‍. 20 വര്‍ഷം മുന്‍പ് ദീപികയുടെ കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുന്ന ആമിറിന്റെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. വളരെ രസകരമായ വിശദീകരണമാണ് ചിത്രത്തിന് ദീപിക നല്‍കിയിരിക്കുന്നത്. 

2000-ല്‍ എടുത്ത ഫോട്ടോയാണെന്ന് ദീപിക തന്നെ അടിക്കുറിപ്പില്‍ പറയുന്നുണ്ട്. അന്ന് തനിക്ക് പ്രായം 13 വയസാണെന്നും നടി പറയുന്നു. ഫോട്ടോയില്‍ ദീപികയുടെ അച്ഛനും മുന്‍ ബാറ്റ്മിന്റഡന്‍ താരവുമായ പ്രകാശ് പദുകോണ്‍, അമ്മ ഉജ്വല, സഹോദരി അനിഷ എന്നിവരാണുള്ളത്. 

'ജനുവരി 1, 2000-ല്‍ എടുത്ത ഫോട്ടോയാണിത്. എനിക്ക് 13 വയസാണ്, അതിന്റെ പരുങ്ങലുമുണ്ട്. ഇപ്പോഴുമുണ്ട്. അദ്ദേഹം ഭക്ഷണം കഴിക്കുന്നു', ദീപിക അടിക്കുറിപ്പില്‍ പറയുന്നു. ആമിര്‍ കഴിക്കുമ്പോള്‍ താനും വിശന്നിരിക്കുകയായിരുന്നു. എന്നിട്ടും തന്നോട് വേണോ എന്ന് ആമിര്‍ ചോദിച്ചില്ലെന്നും ദീപിക കുറിപ്പില്‍ പറയുന്നുണ്ട്.

'എപ്പോഴത്തെയും പോലെ ഞാന്‍ വിശന്നിരിക്കുകയായിരുന്നു. അദ്ദേഹം വേണോ എന്ന് എന്നോട് ചോദിച്ചില്ല. തരുമോയെന്ന് ഞാനും ചോദിച്ചില്ല', എന്ന് പറഞ്ഞാണ് ദീപിക കുറിപ്പ് അവസാനിപ്പിച്ചത്. ഇതില്‍ ആമിറിനെ ടാഗ് ചെയ്യാനും ദീപിക മറന്നില്ല. 

ആമിര്‍ ഇതുവരെ ഫോട്ടോയോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങിന്റെ പ്രതികരണവും രസകരമാണ്. 'ശരിക്കും വല്ലാത്ത ഓര്‍മയായി പോയി' എന്നാണ് രണ്‍വീര്‍ കമ്മന്റ് ചെയ്തിരിക്കുന്നത്.

Content Highlights: Deepika Padukone shares throwback photo with Aamir Khan