ബോളിവുഡിനെ പിടിച്ചു കുലുക്കിയ ലഹരി മരുന്ന് കേസിൽ തന്റെ പേര് ഉൾപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിക്കുകയായിരുന്നു നടി ദീപിക പദുക്കോൺ. സെപ്തംബർ 20 നാണ് താരം ഇൻസ്റ്റാ​ഗ്രാമിൽ അവസാനമായി ഒരു പോസ്റ്റ് ഇട്ടത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ മൗനം താരം വെടിഞ്ഞിരിക്കുകയാണ്. 

സഹതാരം പ്രഭാസിന് ജന്മദിനാശംസകൾ നേർന്നുള്ള പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്.  നാ​ഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രഭാസിന് നായികയാവുന്നത് ദീപികയാണ്. 

"ജന്മിദിനാശംസകൾ പ്രിയ പ്രഭാസ്, ആരോ​ഗ്യവും സന്തോഷവും എന്നുമുണ്ടാകട്ടെ, നല്ലൊരു വർഷം മുന്നിലേക്ക് ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു" ദീപിക കുറിച്ചു.

Deepika

പ്രഭാസിന്റെ കരിയറിലെ ഇരുപത്തിയൊന്നാമത്തെ ചിത്രമാണ് ഇത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം പ്രഭാസ് 21 എന്നാണ് അറിയപ്പെടുന്നത്. അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിയേറ്റീവ് മെന്ററായി പ്രശസ്ത സംവിധായകനും നടനുമായ സിങ്കീതം ശ്രീനിവാസ റാവു എത്തുന്നുണ്ട്. 

മഹാനടിയുടെ സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്ന പ്രഭാസ് ചിത്രം സാങ്കൽപ്പിക മൂന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഫ്യൂച്ചറിസ്റ്റിക് സയൻസ് ഫിക്ഷൻ ത്രില്ലറാണ്.

വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമിക്കുന്നത്. ദീപികയുടെ ടോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. 2023 ൽ ചിത്രം പ്രദർശനത്തിന് എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

Content Highlights : Deepika Padukone breaks silence In Social Media Wishes Prabhas On his Birthday