ട്രോളന്മാരുടെ കണ്‍കണ്ട ദൈവങ്ങളില്‍ ഒരാളാണ് ദശമൂലം ദാമു. മണവാളനും രമണനുമൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന കഥാപാത്രം. ദാമുവിന്റെ ട്രോളുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരമാണുളളത്. അത്തരത്തില്‍ ദാമുവിന്റെ ഒരു കിടിലന്‍ ട്രോള്‍ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. 

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറിലാണ് ദാമുവിന്റെ എന്‍ട്രി. ലൂസിഫറിലെ സംഭാഷണങ്ങളും ഫൈറ്റുമെല്ലാം ഉള്‍പ്പെടുത്തി പുറത്തിറക്കിയിരിക്കുന്ന ലൂസിഫര്‍ ദാമു ട്രോള്‍ വീഡിയോ സുരാജ് തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

നേരത്തെ ലൂസിഫറിലെ ക്യാരക്ടര്‍ പോസ്റ്ററുകൾ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്ന സമയത്തും ദാമുവിന്റെ രംഗപ്രവേശമുണ്ടായിരുന്നു. ലൂസിഫറിലെ ഒരു കഥാപാത്രമായി ട്രോളന്മാര്‍ പുറത്തുവിട്ട പോസ്റ്ററില്‍ ദാമുവായിരുന്നു. ലൂസിഫറില്‍ എത്തുമ്പോള്‍ ദശമൂലം ദാമു, ദാമു നെടുമ്പള്ളിയായി മാറുന്നുണ്ട്. ക്രിയേറ്റിവിറ്റി എന്ന അടിക്കുറിപ്പോടെ സുരാജ് തന്നെ ഈ ട്രോള്‍ പോസ്റ്റര്‍ പങ്കുവക്കുകയും ചെയ്തിരുന്നു

ഷാഫിയുടെ സംവിധാനത്തില്‍ 2009  ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ചട്ടമ്പിനാടില്‍ സുരാജ് അവതരിപ്പിച്ച കഥാപാത്രമാണ് ദശമൂലം ദാമു. സിനിമ പുറത്തിറങ്ങി പത്ത് വര്‍ഷം പിന്നിടുമ്പോഴും ട്രോളന്മാരുടെ പ്രിയങ്കരനായി തുടരുകയാണ് ദാമു.

Content Highlights : Dasamoolam Damu Troll Video Damu In Lucifer Suraj Venjarammoodu