മ്മൂട്ടിയെയും മോഹന്‍ലാലിനെയും അധിക്ഷേപിച്ചുവെന്നാരോപിച്ച് നടന്‍ ടൊവിനോ തോമസിന് നേരെ സൈബര്‍ ആക്രമണം. ടൊവിനോയുടെ പേരിലുള്ള വേരിഫൈ ചെയ്യാത്ത ഒരു പേജില്‍ നിന്നുള്ള ഒരു പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ആക്രമണം. എന്നാല്‍ അത് ടൊവിനോ കുറിച്ച പോസ്റ്റ് ആണോ അല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

2012 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കോബ്രയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് വൈറലായിരിക്കുന്നത്. അതില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ചെഴുതിയ പരാമര്‍ശങ്ങളാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ, സത്യാവസ്ഥ എന്താണെന്ന് പോലും അറിയാതെയാണ് ടൊവിനോയെ ഒരു കൂട്ടം ആളുകള്‍ ചീത്ത വിളിക്കുന്നത്. 

ടൊവിനോയടുടെ പേരില്‍ കഴിഞ്ഞ ദിവസം മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റും പ്രചരിച്ചിരുന്നു. 2011 ജൂണ്‍ 28-ന് ഫെയ്സ്ബുക്കില്‍ പങ്കുവച്ചു എന്ന് പറയപ്പെടുന്ന കുറിപ്പിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. 

'ഇന്ന് നിങ്ങള്‍ എന്നെ വിഡ്ഡിയെന്ന് പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.' 

ഈ കുറിപ്പിന് മികച്ച പിന്തുണ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് കോബ്രയെക്കുറിച്ചുള്ള പോസ്റ്റ് വൈറലായത്. 

പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ മോഡലായിരുന്ന ടൊവിനോ 2012 ല്‍ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 2013 ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം എബിസിഡില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നെങ്കിലും 2015 ല്‍ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീന്‍ ആയിരുന്നു താരത്തിന് കരിയറില്‍ ഒരു ബ്രേക്ക് നല്‍കിയത്. ഇന്ന് മലയാളത്തിലെ മുന്‍നിര നടന്‍മാരില്‍ ഒരാളാണ് ടൊവിനോ. 

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറാണ്‌ ടൊവിനോയുടെ പുതിയ ചിത്രം. മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിവേക് ഓബ്‌റോയി തുടങ്ങിയ വലിയ താരനിരയുണ്ട്.

Content Highlights: cyber attack on tovino thomas, mammootty, mohanlal