ഇക്കഴിഞ്ഞ ദിവസമാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം നടൻ അർജുൻ കപൂർ പുറത്ത് വിട്ടത്. അതിന് പിന്നാലെ താരത്തിന്റെ കാമുകി മലൈക അറോറയും കോവിഡ് ബാധിതയാണെന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇരുവരും അവരവരുടെ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന വേളയിൽ അർജുനെ ശുശ്രൂഷിക്കുന്ന സഹോദരി അൻഷുലയെ അഭിനന്ദിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഇരുവരുടെയും പിതാവ് ബോണി കപൂർ.

"എന്റെ മകൾ അൻഷുലയെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നു. ഈ കഠിനമായ സമയത്തും ക്വാറന്റൈനിൽ കഴിയുന്ന അർജുനെ ശുശ്രൂഷിക്കുകയും വീട് നോക്കുകയും സാമൂഹ്യക്ഷേമ കാര്യങ്ങൾക്കായുള്ള അവളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്റെ കാര്യങ്ങളും അവൾ ഭം​ഗിയായി നോക്കുന്നു". ബോണി കപൂർ ട്വീറ്റ് ചെയ്തു.

ബോണിക്ക് ആദ്യ ഭാര്യ മോന ഷൂരിയിലുണ്ടായ മക്കളാണ് അർജുനും അൻഷുലയും.

ഇക്കഴിഞ്ഞ ആറിനാണ് അർജുന് കോവിഡ് സ്ഥിരീകരിക്കുന്നത്. തനിക്ക് പ്രകടമായ ലക്ഷണങ്ങളില്ലെന്നും ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് വീട്ടിൽ തന്നെ സ്വയം സമ്പർക്ക വിലക്കിൽ കഴിയുകയാണെന്നും അർജുൻ വ്യക്തമാക്കി

"എനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് നിങ്ങളെ അറിയിക്കേണ്ടത് എന്റെ കടമയാണ്. എനിക്കിപ്പോൾ കുഴപ്പങ്ങളൊന്നുമില്ല, പ്രകടമായ രോ​ഗലക്ഷണങ്ങളും ഇല്ല. ഡോക്ടർമാരുടെയും അധികാരികളുടെയും നിർദ്ദേശമനുസരിച്ച് വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയുകയാണ്. എല്ലാവരോടും ആദ്യം തന്നെ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു.

വരും ദിവസങ്ങളിൽ എന്റെ ആരോ​ഗ്യകാര്യങ്ങൾ അറിയിക്കാം.അസാധാരണമായ, കേട്ടു കേൾവിയില്ലാത്ത കാലമാണിത്. ഈ വൈറസിനെ മനുഷ്യത്വം മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഒരുപാട് സ്നേഹം". അർജുൻ കുറിച്ചു

content highlights : boney kapoor is very proud of daughter anshula who is taking care of arjun tested positive for corona virus