ച്ഛന്റെ പാതയിലായിരുന്നു ദീപിക പദുക്കോണ്‍ ആദ്യം. പിന്നെ ബാഡ്മിന്റണ്‍ കോര്‍ട്ടിനോട് വിടപറഞ്ഞ് വെള്ളിത്തിരയിലെത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിന്റെ രാജകുമാരിയാവുകയും ചെയ്തു. പഴയ കായികതാരത്തിന്റെ പശ്ചാത്തലമുള്ളതുകൊണ്ടാവാം സെറ്റില്‍ നിന്ന് സെറ്റിലേയ്ക്ക് തിരക്കിട്ട ഷെഡ്യൂളുമായി ഓടുമ്പോഴും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല ദീപിക. ദീപിക സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ജിമ്മിലെ കസര്‍ത്തിന്റെ ചിത്രങ്ങളും വീഡിയോകളും വലിയ പ്രോത്സാഹനമാവാറുണ്ട് ഫിറ്റ്‌നസ് പ്രേമികളായ ആരാധകര്‍ക്ക്.

എന്നാല്‍, കഴിഞ്ഞ ദിവസം ദീപിക പങ്കുവച്ചത് രസകരമായ ചില ചിത്രങ്ങളായിരുന്നു. പുഷ് അപ്പ് എടുക്കുന്നതിനിടെ താന്‍ തറയില്‍ വീണുപോയെന്നും പിന്നെ കൈകള്‍ കുത്തി മാത്രമേ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞുള്ളൂവെന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ഈ ചിത്രങ്ങള്‍ക്കൊപ്പം ദീപിക കുറിച്ചത്.

Deepika Padukne
Photo Courtesy: instagram/deepikapadukone

വീഴ്ചയില്‍ കാര്യമായി ഒരു സംഭവിച്ചില്ലെങ്കിലും അത് ദീപികയുടെ കാന്‍ ചലച്ചിത്രോത്സവ യാത്രയ്ക്ക് ഭീഷണിയാകുമെന്നുവരെ വാര്‍ത്ത പരന്നു. ചില ആരാധകര്‍ കമന്റിലൂടെ ഈ ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ ഭൂരിഭാഗം ആരാധകരും ചിത്രങ്ങളിലെ കൗതുകവും കുസൃതിയുമാണ് ആസ്വദിച്ചതെന്ന് കമന്റുകള്‍ തെളിയിക്കുന്നു.

ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ് ദീപിക ഉള്ളത്. വൈകാതെ അവിടെ നിന്ന് കാന്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ യാത്രയാവും. ചലച്ചിത്രോത്സവത്തിന്റെ അംബാസിഡറാണ് ദീപിക. ഐശ്വര്യ റായി, സോനം കപൂര്‍ എന്നിവരും ഇക്കുറി അംബാസിഡര്‍മാരായി മേളയ്‌ക്കെത്തുന്നുണ്ട്.

മേഘ്‌ന ഗുല്‍സറിന്റെ ചപക്കാണ് ദീപിക അഭിനയിക്കുന്ന പുതിയ ചിത്രം. ഭര്‍ത്താവ് രണ്‍വീര്‍ സിങ്‌ അഭിനയിക്കുന്ന 83ല്‍ ഒരു അതിഥി വേഷവും ചെയ്യുന്നുണ്ട്.