കോവിഡിന്റെ വറുതികൾക്കിടെയിലും ലോകമെങ്ങുമുള്ള മലയാളികൾ കഴിഞ്ഞ ദിവസം ഓണമാഘോഷിച്ചു. അവനവന്റെ വീടുകളിലിരുന്ന് സുരക്ഷിതമായി കുടുംബാംഗങ്ങൾക്കൊപ്പമുള്ള ഓണം. ഇങ്ങ് ബോളിവുഡിലും ഓണാഘോഷത്തിന്റെ അലയൊലികൾ ഉണ്ടായിരുന്നു. നടിമാരായ മലൈക അറോറയും അമൃത അറോറയുമാണ് കുടുംബാംഗങ്ങൾക്കൊപ്പം ഓണം ആഘോഷമാക്കിയത്.
ലോക്ക്ഡൌൺ കാരണം ഏതാനും മാസങ്ങളായി അകന്നു കഴിഞ്ഞിരുന്ന കുടുംബാംഗങ്ങൾക്ക് ഒത്തു ചേരാനുള്ള അവസരം കൂടിയായി മാറി ഈ ഓണം.
‘ ഒടുവിൽ അഞ്ചു മാസങ്ങൾക്ക് ശേഷം ഞങ്ങൾ ഒന്നിച്ചു ആഹാരം കഴിക്കാനിരിക്കുന്നു. ഓണസദ്യ ഒരുക്കിയ അമ്മയ്ക്ക് നന്ദി,’ മലൈക അറോറ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
മലൈകയുടെയും അമൃതയുടെയും അമ്മ ജോയ്സ് അറോറ മലയാളിയാണ്. ആലപ്പുഴ സ്വദേശിയായ ജോയ്സ് തന്റെ കുക്കിംഗ് വീഡിയോകളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. നല്ല മട്ടയരിച്ചോറിനൊപ്പം അവിയൽ, എരിശ്ശേരി, കൂട്ടുകറി, സാമ്പാർ, വെള്ളരിക്കാ പച്ചടി, കാബേജ് തോരൻ, കായ മെഴുക്കുപുരട്ടി, സംഭാരം, ഇഞ്ചിപ്പുളി, നാരങ്ങാ അച്ചാർ, പപ്പടം, എന്നിവയും പാലടപ്പായസവും അടപ്രദമനുമായി ഗംഭീര ഓണസദ്യയാണ് ജോയ്സ് മക്കൾക്കായി ഒരുക്കിയത്.
Content Highlights : Bollywood Actor Malaika Arora celebrates Onam with her family Sadya made by mother Joyce Arora Malayali